ജക്കാര്‍ത്ത: പുരുഷന്മാരുടെ 49 കിലോ ഗ്രാം ലൈറ്റ് ഫ്‌ലൈയില്‍ ഇന്ത്യന്‍ താരം അമിത് പംഗലിന് സ്വര്‍ണം. 2016ലെ ഒളിമ്പിക് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവുമായ ഉസ്‌ബെക്കിസ്ഥാന്റെ ഹസന്‍ബോ ഡുസ്മാറ്റോവിനെയാണ് 22കാരനായ അമിത് പംഗല്‍ തോല്‍പിച്ചത് (32). പുരുഷന്മാരുടെ ബ്രിജ് ഇനത്തില്‍ (ചീട്ടുകളി) പ്രണബ് ബര്‍ധാന്‍ / ഷിബ്‌നാഥ് സര്‍ക്കര്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടി. അതേസമയം ബ്രിജ് ഇനത്തില്‍ ഇന്ത്യന്‍ വനിതകള്‍ അഞ്ചാം സ്ഥാനത്തും മിക്‌സഡ് ഇനത്തില്‍ ഏഴാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
അമിത് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 66 ആയിരുന്നു. എഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മികച്ച നേട്ടമാണിത്. 2010 ഏഷ്യന്‍ ഗെയിംസില്‍ നേടിയ 65 മെഡലുകളായിരുന്നു ഇതുവരെ മുന്നില്‍.
കഴിഞ്ഞ വര്‍ഷം ഹാംബര്‍ഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഡുസ്മാറ്റോവിനോട് അമിത് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ഹാംബര്‍ഗിലെ നഷ്ടത്തിന് ഹരിയാന ബോക്‌സര്‍ മധുരപ്രതികാരം ജക്കാര്‍ത്തയില്‍ നല്‍കി. ആദ്യ എഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയ അമിത് മികച്ച പ്രകടനമാണ് നടത്തിയത്. പ്രതിരോധത്തില്‍ മികച്ച അടവുകള്‍ എതിരാളിക്കെതിരെ അമിത് പുറത്തെടുത്തത്. ഈ വര്‍ഷം ആദ്യം ബള്‍ഗേറിയയില്‍ സ്ട്രാന്‍ഡജ സ്മാരക ടൂര്‍ണമെന്റില്‍ അമിത് സ്വര്‍ണം നേടിയിരുന്നു. നേരത്തേ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അമിത് പംഗല്‍ വെള്ളി മെഡല്‍ നേടിയിരുന്നു.