തിരുവനന്തപുരം: എലിപ്പനി ബാധിച്ച് എട്ടുമരണം കൂടി. ചമ്രവട്ടത്ത് എലിപ്പനി ബാധിച്ച് യുവതി മരിച്ചു. ചിറക്കുളത്ത് രാജന്റെ ഭാര്യ ശ്രീദേവി (40) ആണ് മരിച്ചത്. ഇതോടെ ആഗസ്റ്റ് 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. എട്ടിൽ രണ്ടുപേർ 28, 30 തീയതികളിലാണ് മരിച്ചത്. ആരോഗ്യവകുപ്പിൻറ സ്ഥിരീകരണം ഞായറാഴ്ചയാണുണ്ടായത്. കോഴിക്കോട്ട് മൂന്നുപേരും മലപ്പുറത്ത് രണ്ടുപേരും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്. എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾ വീതവും മരിച്ചു.
ഞായറാഴ്ച 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗലക്ഷണവുമായി 92 പേർ ചികിത്സതേടി. ഡെങ്കിപ്പനി, മലേറിയ എന്നിവ ബാധിച്ച് ഏഴുപേർ വീതം ചികിത്സതേടി. പത്തനംതിട്ടയിൽ നാലുപേർക്കും കോട്ടയത്ത് മൂന്നുപേർക്കും ആലപ്പുഴയിലും തൃശൂരിലും കാസർകോട്ടും രണ്ടുപേർക്കുവീതവും പാലക്കാട്ട് ഒരാൾക്കും കോഴിക്കോട്ട് 26 പേർക്കുമാണ് ഞായറാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്.
ഒമ്പത് ജില്ലകളിൽ കൂടി അതിജാഗ്രത
തിരുവനന്തപുരം: പ്രളയശേഷം എലിപ്പനി മരണം ഉയരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ കൂടി ആരോഗ്യവകുപ്പിൻറ അതിജാഗ്രത. ഇതോടെ 14 ജില്ലകളും അതിജാഗ്രതയിലായി. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് നേരേത്ത മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.