കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനുണ്ടാവില്ലെന്ന് അന്വേഷണ സംഘം. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളില്‍ തമ്മിലുള്ള വൈരുദ്ധ്യമാണ് അറസ്റ്റ് വൈകാനുള്ള കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇതുവരെ ശേഖരിച്ച മൊഴികള്‍ വീണ്ടും പരിശോധിക്കുകയാണെന്നും നിലവില്‍ ബിഷപ്പിനെ വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് നേരത്തെ അന്വേഷണസംഘം അറിയിച്ചിരുന്നു.
ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികളിലെ പൊരുത്തക്കേടില്‍ വ്യക്തത വരുത്തിയ ശേഷമായിരിക്കും ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യുക. ഇത് സംബന്ധിച്ച അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച നിര്‍ദ്ദേശം.
ബിഷപ്പിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമായിരുന്നു കഴിഞ്ഞദിവസം വരെ അന്വേഷണ സംഘം അറിയിച്ചിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനായി കഴിഞ്ഞ ദിവസം ഐജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ അറസ്റ്റ് ഉടനെ വേണ്ടെന്ന നിലപാടിലായിരുന്നു എത്തിചേര്‍ന്നത്.