ശ്രീനഗര്‍: കശ്മീരിലെ പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കുമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. തെരഞ്ഞെടുപ്പ് നടത്താന്‍ യോജിച്ച സാഹചര്യമല്ല ഇപ്പോള്‍ എന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ട് ഘട്ടമായി നടക്കുന്ന പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ഡിസംബറിലാണ് അവസാനിക്കുക. ഭരണഘടനയുടെ 35 എ അനുച്ഛേദവുമായി ബന്ധപ്പെട്ട നിലപാട് കേന്ദ്രം വ്യക്തമാക്കാത്തപക്ഷം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കില്ലെന്ന് ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.
35 എ അനുച്ഛേദവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുള്ള പ്രത്യേക സാഹചര്യത്തെ മറികടക്കാനുള്ള ശ്രമങ്ങളൊന്നും നടത്താതെ വളരെ തിരക്കുപിടിച്ചാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതെന്ന് പാര്‍ട്ടി വിലയിരുത്തിയതായി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. ഈ വിഷയത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ ഫാറൂഖ് അബ്ദുള്ളയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും ട്വീറ്റ് ചെയ്തിരുന്നു.