ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പുകയില അഴിമതിയുമായി ബന്ധപ്പെട്ട് ആദായനികുതിവകുപ്പ് അയച്ച രഹസ്യകത്ത് എഐഎഡിഎംകെ നേതാവ് ശശികലയുടെ മുറിയില്‍ നിന്നും കണ്ടെത്തി. പോയസ് ഗാര്‍ഡനിലെ ശശികലയുടെ മുറിയില്‍ നിന്നും കത്ത് കണ്ടെത്തിയതായി മദ്രാസ് ഹൈക്കോടതിയിലായിരുന്നു വെളിപ്പെടുത്തല്‍.
പുകയില അഴിമതി കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ എംഎല്‍എ അന്‍പഴകന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് ഇന്‍കം ടാക്‌സ് ഓഫീസര്‍ സൂസി ബാബു വര്‍ഗീസ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. നിരോധിത പുകയില ഉത്പന്നവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. സിബിഐക്ക് മാത്രമെ കേസില്‍ നിക്ഷ്പക്ഷ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂവെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസുമായി ബന്ധപ്പെട്ട് 2016 ഓഗസ്റ്റ് 11 ന് തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അയച്ച കത്താണ് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് വെളിപ്പെടുത്തല്‍. 2017 നവംബര്‍ 17 ന് നടത്തിയ റെയ്ഡിലാണ് ഡിജിപി ഒപ്പുവെച്ച് ജയലളിതയ്ക്ക് കൈമാറിയ കത്ത് കണ്ടെത്തിയത്. 2016 സെപ്റ്റംബര്‍ രണ്ടായിരുന്നു കത്തിലെ തീയതി. അതേ വര്‍ഷം സെപ്റ്റംബര്‍ 22 നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിവിധ ഉദ്യോഗസ്ഥരോടൊപ്പം എച്ച്എമ്മിനും സിപിക്കും പണം നല്‍കിയതിന്റെ വിവരങ്ങള്‍ മാധവറാവുവിന്റെ കമ്ബനിയില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ഡയറിയില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ മന്ത്രിയെയും പൊലീസ് കമ്മീഷണറെയുമാണ് എച്ച്എം, സിപി എന്ന ചുരുക്കപ്പേരില്‍ എഴുതിയതെന്ന് മാധവറാവുവും ആദായ വകുപ്പിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. നിരോധിത പുകയില ഉത്പന്നത്തിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് 2016 ഏപ്രില്‍ ഒന്നും 15 നും ഇടയില്‍ ആരോഗ്യമന്ത്രിക്ക് 56 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിലുണ്ട്.
2016 ജൂണില്‍ മാധവറാവുവിന്റെ കമ്പനിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലൂടെയാണ് കോടികളുടെ അഴിമതി വിവരം പുറത്തറിയുന്നത്. മാധവറാവുവിന്റെ മൊഴിയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന അഭ്യര്‍ത്ഥനയും, പിടിച്ചെടുത്ത സാധനങ്ങളുടെ വിവരവുമാണ് രഹസ്യ കത്തില്‍ ഉണ്ടായിരുന്നതെന്ന് സൂസി വര്‍ഗീസ് കോടതിയെ അറിയിച്ചു.