തൃശൂർ: ചാരക്കേസിലെ രാഷ്ട്രീയ ഗൂഡാലോചന അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി കെ.കരുണാകരൻെറ മകളും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പത്മജ വേണുഗോപാൽ ആവശ്യപ്പെട്ടു. കെ. കരുണാകരനെ മരണംവരെ വേട്ടയാടിയതാണ് ചാരക്കേസ്. അത് അന്വേഷിച്ച ഉദ്യോഗസ്ഥർ ചിലരുടെ കൈയിലെ ചട്ടുകമാവുകയായിരുന്നു.
കരുണാകരന് മരണാനന്തരമെങ്കിലും നീതി ലഭിക്കണം. നമ്പി നാരായണൻ കേസിലെ വിധിയിൽ സുപ്രീംകോടതി നിർദ്ദേശിച്ച ജുഡീഷ്യൽ കമീഷൻ മുമ്പാകെ ചാരക്കേസിനെക്കുറിച്ച് തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയും. എന്നാൽ, അന്വേഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങരുതെന്ന് പത്മജ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വിധിയിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.ചാരക്കേസിനു പിന്നിൽ സജീവ രാഷ്ട്രീയത്തിലുള്ള അഞ്ച് നേതാക്കളുണ്ടെന്നും അതാരെല്ലാമെന്ന് കമീഷൻ മുമ്പാകെ പറയുമെന്നും പത്മജ പറഞ്ഞു. കരുണാകരനെ കുരുക്കാൻ നമ്പി നാരായണനെ കരുവാക്കിയതാണ്. ഇപ്പോൾ മലർന്നു കിടന്ന് തുപ്പുന്നില്ല. വേണ്ട സന്ദർഭത്തിൽ പറയുമെന്നും പത്മജ പറഞ്ഞു.
വിശ്വസിച്ച് കൂടെനിര്‍ത്തിയവര്‍ പോലും അദ്ദേഹത്തിന് എതിരെ നിന്നു. അച്ഛന് നീതികിട്ടാനായി ഈ പേരുകള്‍ ജുഡീഷ്യല്‍ കമ്മീഷനോടു പറയും. പാര്‍ട്ടിയുമായും സഹോദരൻ കെ.മുരളീധരനുമായി ചര്‍ച്ച െചയ്തശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും പത്മജ പറഞ്ഞു.അമ്മ മരിച്ച് അച്ഛന്‍ തളര്‍ന്നുനില്‍ക്കുന്ന കാലമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തളര്‍ത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അച്ഛന് നീതി കിട്ടണം. മരണം വരെ അച്ഛന് സങ്കടമായിരുന്നു. എല്ലാവരും ഒറ്റപ്പെടുത്തി. ജനങ്ങളുടെ നടുവില്‍ നിന്ന ആള്‍ ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. കെ കരുണാകരനെ ചതിച്ച നേതാക്കള്‍ ഇന്നും സുരക്ഷിതരാണ്. അവര്‍ക്കുള്ള തിരിച്ചടിയാണ് ഇന്നത്തെ വിധി– പത്മജ പറഞ്ഞു. പാര്‍ട്ടിയിലെ ആരുടെയും പേര് താന്‍ പുറത്തു പറയില്ലെന്നും പത്മജ പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിൽ നിർണായകമാണ് ഇന്നത്തെ വിധി.
കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാൻ സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി അന്വേഷിക്കും. റിട്ട. ജസ്റ്റിസ് ഡി.കെ. ജയിനായിരിക്കും കമ്മിറ്റിയുടെ നേതൃത്വം. കേന്ദ്ര – സംസ്ഥാന പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.