ഡല്‍ഹി: സ്ത്രീധന പീഡന പരാതികള്‍ അന്വേഷിക്കുന്നതിന് ജില്ലാ തലത്തില്‍ കുടുംബ ക്ഷേമ സമിതികള്‍ രൂപീകരിക്കണമെന്ന വിവാദ നിര്‍ദ്ദേശം സുപ്രിം കോടതി റദ്ധാക്കി. ഐപിസി 498 എ വകുപ്പില്‍ 2017ലെ വിധിയിലൂടെ കൊണ്ടുവന്ന മാര്‍ഗ രേഖയാണ് കോടതി ഭേദഗതി ചെയ്തത്. അതേസമയം പരാതി ലഭിച്ചാല്‍ ഉടന്‍ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവിടാന്‍ കോടതി തയ്യാറായില്ല.
സ്ത്രീധന പീഡന കേസുകളില്‍ നിയമം ദുരുപയോഗം ചെയപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017ല്‍ ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബഞ്ച് കൊണ്ടുവന്ന മാര്‍ഗ രേഖയാണ് സുപ്രീം കോടതി ഭാഗികമായി ഭേദഗതി ചെയ്തത്. 498എ വകുപ്പ് പ്രകാരമുള്ള സ്ത്രീധന പീഡന പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ തലങ്ങളില്‍ കുടുംബ ക്ഷേമ സമിതികള്‍ രൂപീകരിക്കേണ്ടതില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പൊലീസിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനാകില്ല. നിയമപരമായാണ് പോലീസ് ഇക്കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത്. നിയമത്തില്‍ കോടതി നികത്തേണ്ടതായി വിടവുകള്‍ ഇല്ല.
അതേസമയം പരാതി ലഭിച്ചാല്‍ ഉടന്‍ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറസ്റ്റ് ചെയാന്‍ കോടതി ഉത്തരവ് ഇറക്കിയില്ല. വ്യാജ കേസുകള്‍ സാമൂഹ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാമെന്നതിനാല്‍ അറസ്റ്റ് വേണമോ വേണ്ടയോ എന്ന് പൊലീസിന് തീരുമാനിക്കാം. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കും മുന്‍കൂര്‍ ജാമ്യത്തിനുളള വ്യവസ്ഥ ഉപയോഗിക്കാം. ജാമ്യപേക്ഷ വേഗത്തില്‍ പരിഗണിക്കണം. പരാതികള്‍ കൈകാര്യം ചെയ്യാന്‍ പോലീസുകാര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.