ന്യൂഡല്‍ഹി: ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരായ ഒരു തെളിവെങ്കിലും ഹാജരാക്കാന്‍ പുണെ പോലീസിനോട് സുപ്രീംകോടതി. ഇവരുടെ മാവോവാദി ബന്ധം തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ഹാജരാക്കാന്‍ പോലീസിന് കഴിയാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതി നിര്‍ദേശം.
എതിരഭിപ്രായം ജനാധിപത്യത്തിന്റെ രക്ഷയ്‍ക്ക് ആവശ്യമാണെന്ന സുപ്രധാന നിരീക്ഷണത്തോടെയാണു മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയും സെപ്റ്റംബര്‍ ആറുവരെ വീട്ടുതടങ്കലില്‍ വയ്‍ക്കാന്‍ ഇതിന് മുൻപ് സുപ്രീംകോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് 26നാണ് മാവോവാദി സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അഭിഭാഷകയും ട്രേഡ് യൂണിയന്‍ നേതാവുമായ സുധാ ഭരദ്വാജ്, തെലുങ്ക് കവി പി.വരവരറാവു, പൊതുപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖ, അഭിഭാഷകരായ അരുണ്‍ ഫെരേറിയ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്.