ന്യൂഡല്‍ഹി: ഇന്ത്യാ- പാക് ചര്‍ച്ച പുനഃരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തും.ഇന്ത്യാ- പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം കുറിക്കുമെന്ന് സൂചന. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെയായിരിക്കും വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ച നടത്തുക. ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
അതേസമയം കൂടിക്കാഴ്ച നടത്തുമെന്ന കാര്യം സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം ചര്‍ച്ചയുടെ അജണ്ട നിശ്ചയിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്ന നിര്‍ദ്ദേശം കത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നു.
പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ അംഗീകരിച്ചുകൊണ്ട് ചര്‍ച്ച നടത്താന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചയിലെ അജണ്ടകള്‍ തീരുമാനിച്ചിട്ടില്ല. അതേസമയം കര്‍തര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സിഖ് തീര്‍ഥാടകര്‍ക്കായി കര്‍തര്‍പുര്‍ ഇടനാഴി തുറക്കണമെന്ന് ഇന്ത്യ പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാകിസ്താന്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി പാകിസ്താന്‍ സന്ദര്‍ശിച്ച പഞ്ചാബ് മന്ത്രി നവ്‌ജ്യോതിസിങ് സിദ്ദു കര്‍തര്‍പുര്‍ ഇടനാഴിയുടെ കാര്യത്തില്‍ പാകിസ്താന് അനുകൂലനിലപാടാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയം വീണ്ടും ഉയര്‍ന്നത്. എന്നാല്‍ ഇക്കാര്യം പാകിസ്താന്‍ ഇതുവരെയും ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.