കൊച്ചി : പാഠപുസ്തക വിതരണം വൈകുന്നെന്ന പഴി ഇനി പഴംകഥ. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകത്തിന്റെ ആദ്യഭാഗം ഇന്നു മുതല്‍ വിതരണം ചെയ്തു ചരിത്രം സൃഷ്ടിക്കുകയാണു വിദ്യാഭ്യാസ വകുപ്പ്. മൂന്നു ഭാഗങ്ങളായാണ് അടുത്ത പാഠ്യവര്‍ഷത്തിലെ പുസ്തകങ്ങളും ലഭിക്കുക. സ്‌കൂളുകളില്‍ നിന്നു നവംബറില്‍ തന്നെ ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി ശേഖരിച്ചിരുന്നു. സ്‌കൂള്‍ തുറക്കുമ്പോഴേക്കും എല്ലാ വിദ്യാര്‍ഥികള്‍ക്കും പുസ്തകമെത്തിച്ചെന്ന് ഉറപ്പാക്കും. പാഠപുസ്തക അച്ചടിച്ചുമതലയുള്ള കൊച്ചിയിലെ കെബിപിഎസ് (കേരള ബുക്‌സ് അന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി) തന്നെ നേരിട്ടു വിതരണവും നടത്തും. 70 ശതമാനത്തോളം അച്ചടി പൂര്‍ത്തിയായെന്നും ഫെബ്രുവരിയില്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും വിതരണച്ചുമതലയുള്ള കെബിപിഎസ് ഉദ്യോഗസ്ഥന്‍ ഷമീര്‍ അറിയിച്ചു.