by അനീഷ് ഐക്കുളത്ത്
ആരാണ് തൊഗാഡിയയെ അപായപ്പെടുത്താൻ നോക്കുന്നത്? ഇസഡ് കാറ്റഗറി സുരക്ഷ ഉണ്ടായിട്ടും തൊഗാഡിയയെ എങ്ങനെ കാണാതെയായി? ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ സർക്കാരുകൾക്കും കേന്ദ്ര ഏജൻസികൾക്കും നേരെ എപ്പോഴും തന്നെ കുടുക്കാൻ നോക്കുന്നുവെന്ന ആരോപണം പ്രവീൺ ഭായ് തൊഗാഡിയ എന്ന വിശ്വ ഹിന്ദു പരിഷത്ത് നേതാവിന് ആവർത്തിക്കേണ്ടി വരുന്നത് എന്തുകൊണ്ട്? വ്യാജ ഏറ്റുമുട്ടലിലൂടെ ബിജെപി സർക്കാരുകൾ തന്നെ നിശബ്ദനാക്കാൻ നോക്കുന്നുവെന്ന് തൊഗാഡിയ വിതുമ്പലോടെ പറയുമ്പോൾ സ്വാഭാവികമായും ആ വിരൽ ചൂണ്ടപ്പെടുന്നത് മോദി-അമിത് ഷാ അച്ചുതണ്ടിന് നേരെയാണ്.
തൊഗാഡിയയുടെ ഇന്നത്തെ ആരോപണങ്ങളുമായി ചേർത്തുവെക്കാവുന്ന ഒന്ന് ഈ വർഷം ആരംഭത്തിൽ തന്നെ അദ്ദേഹം നടത്തിയിരുന്നു. 96ലെ കൊലപാതകകേസിൽ സമൻസുകൾ യഥാക്രമം ലഭിക്കാത്തവണ്ണം ഇടപെടലുകൾ നടക്കുന്നുവെന്ന പരസ്യ ആരോപണമാണ് അത്. പോലീസ് യഥാസമയത്ത് വാറണ്ടുകൾ ലഭ്യമാക്കിയില്ല എന്നും അതാണ് നോൺ ബെയിലബിൽ വാറണ്ടിന് വഴിവെച്ചത് എന്നുമാണ് തൊഗാഡിയ പറഞ്ഞുവെച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയാതെയാണ് ഇത്തരം ഒരു നീക്കം നടന്നതെന്നും അതിന് പിന്നിൽ ബിജെപിയുടെ ഉന്നതരുടെ കരങ്ങളാണ് ഉള്ളതെന്ന് വിവരം ലഭിച്ചു. ആരാണ് എന്നത് പിന്നീട് വെളിവാക്കാം. പാട്ടീടാർ പ്രക്ഷോഭ സമയത്ത് ലാത്തിച്ചാർജ് നടന്നത് താൻ അറിഞ്ഞല്ല എന്നുള്ള മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലിന്റെ പരാമർശത്തിന് തുല്യമാണ് ഇത്. തൊഗാഡിയ അന്ന് ആരോപിച്ചത് ഇങ്ങനെയാണ്. 96ൽ ശങ്കർ സിംഗ് വഗേല ബിജെപിക്കെതിരെ കലാപക്കൊടി ഉയർത്തിയപ്പോൾ ഉണ്ടായ സംഭവ വികാസങ്ങളിൽ ആണ് വഗേലയെ തുണച്ചിരുന്ന തൊഗാഡിയയ്ക്കും 39 പേർക്കും അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതി ജാമ്യമില്ലാത്ത വാറണ്ട് അയച്ചത്. ബിജെപിക്കായി അഹമ്മദാബാദിലെ ബാപ്പുനഗറിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ മുൻ എം.എൽ.എ ജാഗ്രൂപ് സിംഗ് രാജ്പുത്താണ് ഈ കേസിലെ വാദി എന്നത് കൂടി തൊഗാഡിയയുടെ ആരോപണത്തോട് ചേർത്തുവെക്കുക.
തൊഗാഡിയയെ ഇന്നലെ രാവിലെ മുതൽ കാണാതായ സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിന്നിരുന്നത്. രാവിലെ പത്തോടെയായിരുന്നു തൊഗാഡിയയെ കാണാതായത്. പിന്നീട് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് അബോധാവസ്ഥയിലാകാൻ കാരണമായതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നെങ്കിലും സ്വന്തം സുരക്ഷ ഉദ്യോഗസ്ഥരെ പോലും ഒഴിവാക്കി അദ്ദേഹം നടത്തിയ യാത്രയും, പിന്നീട് വിഷയത്തിൽ സർക്കാർ പ്രതികരിക്കാതിരുന്നതും സംശയത്തിനിടയാക്കുകയായിരുന്നു.
നേരത്തെ ഗുജറാത്ത് പോലീസിന് എതിരായി പറഞ്ഞതിന് സമാനമായ കാര്യങ്ങൾ തന്നെയാണ് ഇന്നും തൊഗാഡിയ പറഞ്ഞത്. 2002 ലെ ഒരു കേസിന്റെ പേരിൽ തന്നെ വേട്ടയാടുകയാണ് കേന്ദ്ര ഏജൻസികളും ഗുജറാത്ത് രാജസ്ഥാൻ ബിജെപി സർക്കാരുകളും. നിരന്തരമായി പൊലീസ് ഭീഷണിപ്പെടുത്തുകയും പീഡിപ്പക്കുകയും ചെയ്യുന്നു, തന്റെ ശബ്ദത്തേയും പ്രത്യയശാസ്ത്രത്തേയും അടിച്ചമർത്താനും ശ്രമം നടക്കുകയാണ്. തന്നെ പൊലീസ് ലക്ഷ്യം വെക്കുകയാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് തൊഗാഡിയ വ്യക്തമാക്കി. 2002ലെ ഗുജറാത്ത് കലാപത്തിനും പിന്നീടു അധികാര കസേര ഉറപ്പിക്കുന്നതിനും മോദിയെ സഹായിച്ചുവെന്നു രാജ്ദീപ് സർദേശായി അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തിയ, ഒരുവേള ഇന്ത്യൻ പ്രധാനമന്ത്രി കസേരയിൽ ഇരിക്കുമെന്ന് തീവ്ര ഹിന്ദുത്വ പ്രവർത്തകർ കാംക്ഷിച്ചിരുന്ന ഒരാളാണ് എന്നത് മറക്കരുത്.
തൊഗാഡിയയ്ക്ക് വരെ സ്വന്തം പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കാൻ അവസരം ലഭിക്കുന്നില്ല എന്ന് പറയേണ്ടി വരുന്ന കാലഘട്ടം… അതും തൊഗാഡിയയുടെ പ്രത്യയ ശാസ്ത്രം കൊണ്ട് അധികാരം പിടിച്ചെടുത്ത മോദി-അമിത് ഷാ നെറ്റ്‌വർക്ക് ഇന്ത്യ ഭരിക്കുമ്പോൾ. കോൺഗ്രസ് ആയിരുന്നു കേന്ദ്ര ഭരണത്തിൽ എങ്കിൽ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു എന്ന തൊഗാഡിയൻ നിലവിളി രാഷ്ട്രീയ അർത്ഥത്തിൽ മനസിലാക്കാമായിരുന്നു. മോദിക്കാലത്തെ ആ കരച്ചിൽ ഡൽഹിയിലെ അധികാര കേന്ദ്രത്തെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് എന്നതിൽ തർക്കമില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയുടെ കണ്ണിലെ കരടാണ് തൊഗാഡിയ എന്നത് പരസ്യമായ ഒരു രഹസ്യമാണ്. ഗോരക്ഷാ കൊലപാതകം, അയോധ്യയിലെ ക്ഷേത്ര നിർമ്മാണം, കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനോട് കടുത്ത ഏറ്റുമുട്ടൽ പാതയിലാണ് വിശ്വ ഹിന്ദു പരിഷത്ത്. ഉഡുപ്പിയിൽ നടന്ന ഹിന്ദു ധർമ്മ സംസദിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതും വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയും 2019 ആകുമ്പോഴേക്കും അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്നും 25 വർഷംമുമ്പ് കൊടിയുയർത്തിയവരുടെ മാർഗ നിർദ്ദേശത്തിൽ അതേ കല്ലുകൾ ഉപയോഗിച്ച് തന്നെയായിരിക്കും പൂർത്തീകരിക്കുകയെന്നും പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിലാണ് ബിജെപി സർക്കാരുകളേയും കേന്ദ്ര ഏജൻസികളെയും ചൂണ്ടി അതെ തൊഗാഡിയ വിലപിക്കുന്നത്.
അധികാരത്തിലേറും വരെ തീവ്ര ഹിന്ദുത്വ അജണ്ടകൾ മാറിമാറി പ്രയോഗിച്ച മോദിയല്ല ഇന്ന് പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്ന മോദി. അത് കോർപ്പറേറ്റുകളുടെ കാണപെട്ട ദൈവവും അന്താരാഷ്ട്ര തലത്തിൽ ട്രംപ്, നെതാന്യാഹു അച്ചുതണ്ടിൽ ചേർന്ന് ശക്തനായ ഭരണാധികാരി എന്ന പേര് സമ്പാദിക്കാൻ ശ്രമിക്കുന്നയാളുമാണ്. സ്വാഭാവികമായും മോദിയുടെ കോർപ്പറേറ്റ് ഹിന്ദുത്വത്തിന് തൊഗാഡിയയുടെ തീവ്ര ഹിന്ദുത്വ ഒരു വെല്ലുവിളിയാണ്. എപ്പോഴും തന്നെ പഴയ ഇമേജിലേക്ക് തിരികെ വലിക്കാൻ നോക്കുന്ന തൊഗാഡിയ എന്ന ഫാക്ടർ നിശബ്ധമാകണം എന്ന് മോദി സ്വാഭാവികമായും കൊതിക്കുന്നുണ്ട്. പ്രത്യേകിച്ചും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയത്തിന് തുല്യമായ ഒരു ജയം മാത്രം നേടി മുഖം മിനുക്കാൻ നോക്കുന്ന ഘട്ടത്തിൽ. മുത്തലാഖ് അടക്കമുള്ള വിഷയങ്ങളിൽ ചർച്ച പോലും ചെയ്യാതെ പാസാക്കി മുസ്ലിം വനിതാ വോട്ടർമാരെ അടുപ്പിക്കാൻ രാഷ്ട്രീയ ഹിന്ദുത്വ ശ്രമിക്കുമ്പോൾ വിവാദ വിഷയങ്ങൾ മാത്രം ഉരുവിടുന്ന ‘തൊഗാഡിയൻ ഹിന്ദുത്വ’ തന്നെ കൊല്ലുന്നേ എന്ന് വിലപിക്കുന്നത് പോലും ഒരൽപം മൈലേജ് ആകുമെന്ന് സംഘപരിവാറിന് നന്നായി അറിയാം. ഒന്നുകിൽ മോദിയെ ഹിന്ദുത്വവാദി പ്രതിച്ഛായയിൽ നിന്നും മുക്തനാക്കാനുള്ള സംഘപരിവാർ അജണ്ട, അല്ലെങ്കിൽ തന്നെ എതിർക്കുന്ന എന്തിനെയും നിശബ്ദനാക്കുന്ന ഭരണകൂട ഭീകരതയുടെ മറ്റൊരു രൂപം… തൊഗാഡിയൻ വിതുമ്പൽ ഇതിലേത് എന്ന് വരും ദിവസങ്ങൾ തെളിയിക്കും…