ന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിർത്തലാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 700 കോടിയോളം രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
ഈ സബ്സിഡിയുടെ പ്രധാന ഗുണഭോക്താവ് എയർ ഇന്ത്യ ആയിരുന്നുവെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി വാർത്താകുറിപ്പിൽ വ്യക്തമാക്കി. പത്തു വര്‍ഷം കൊണ്ട് ഹജ്ജ് സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് നിര്‍ദേശിച്ചിരുന്നു. തുടർന്ന് ഹജ്ജ് സബ്സിഡി സംബന്ധിച്ച് പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആറംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയാണ് ഹജ്ജ് സബ്സിഡിയുടെ ഫലപ്രദമായ വിനിയോഗം സംബന്ധിച്ച് റിപ്പോര്‍ട്ട് ന്യൂനപക്ഷ മന്ത്രാലയത്തിന് നൽകിയത്.
ഇതനുസരിച്ച് 2012 മുതല്‍ ഹജ്ജ് സ്ബ്സിഡി തുകയില്‍ വര്‍ഷം തോറും 10 ശതമാനം വീതം കുറവ് വരുത്താറുണ്ട്. ഇതേതുടര്‍ന്ന് 2012ല്‍ 836 കോടിയായിരുന്ന ഹജ്ജ് സബ്സിഡി 2015ല്‍ 500 കോടിയില്‍ താഴെയായി കുറഞ്ഞു. വര്‍ഷം തോറും തുകയില്‍ കുറവ് വരുത്തി 2022 ആകുമ്പോഴേക്കും ഹജ്ജ് സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനായിരുന്നു കേന്ദ്ര നീക്കം. ഈ വർഷം 1.75 ലക്ഷം പേർക്ക് ഹജ്ജ് കർമം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.