ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആക്രമണത്തിന് ശക്തികൂട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സ്വയം പറയുന്നത് താന്‍ കാവല്‍ക്കരനാണെന്നാണ് എന്നാല്‍ ആര്‍ക്കാണ് കാവല്‍ നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെന്ന് രാഹുല്‍ ആരോപിച്ചു.
‘മോദി വ്യവസായികളുടെ കാവല്‍ക്കാരനാണെന്ന് വ്യക്തമായി കഴിഞ്ഞു. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് 45,000 കോടി രൂപയാണ് മോദി തന്റെ പോക്കറ്റിലാക്കിയത്’. രാജസ്ഥാനിലെ ധോല്‍പൂരില്‍ പൊതുറാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പാവപ്പെട്ടവരുടെയും ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും എന്താണ് ചെയ്തതെന്നും രാഹുല്‍ ചോദിച്ചു. ബിജെപി സര്‍ക്കാരുകള്‍ ജനങ്ങളെ ദുര്‍ബലരാക്കി അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുകയാണ്.
1520 വ്യവസായികള്‍ക്കു മാത്രമാണു മോദി നേട്ടമുണ്ടാക്കിക്കൊടുത്തത്. മുന്‍ യുപിഎ സര്‍ക്കാര്‍ 70,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി. മോദി സര്‍ക്കാര്‍ 3.5 ലക്ഷം കോടിയുടെ കടമാണ് എഴുതിത്തള്ളിയത്. ഇതില്‍ ഒരു രൂപ പോലും കര്‍ഷകരുടെതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരെയോ യുവാക്കളെയോ മോദി സഹായിച്ചില്ല. തട്ടിപ്പു നടത്തി രാജ്യം വിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി, ലളിത് മോദി, അനില്‍ അംബാനി തുടങ്ങിയവര്‍ക്കാണു പ്രധാനമന്ത്രിയുടെ സഹായം ലഭിച്ചത്. മുന്‍ യുപിഎ സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണു നടപ്പാക്കിയത്. റാഫേല്‍ യുദ്ധവിമാന ഇടപാടിലൂടെ തന്റെ വ്യവസായ സുഹൃത്തിനു നേട്ടമുണ്ടായതിനെപ്പറ്റി മോദി ഒരക്ഷരം മിണ്ടുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.