ഭുവനേശ്വർ: ആന്ധ്ര-ഒഡിഷ തീരത്ത് ആഞ്ഞടിച്ച തിത്ലി ചുഴലിക്കാറ്റിൽ രണ്ട് മരണം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ രണ്ട് പേർ മരിച്ചത്. ശ്രീകാകുളം ജില്ലയിലെ പലാസയിൽ മണ്ണിടിഞ്ഞ് വീണതാണ് അപകട കാരണമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്ര-ഒഡിഷ പാതയിൽ ട്രെയിൻ സർവീസ് താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
ഒഡിഷയുടെ തെക്കു കിഴക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുകയാണ്. ചുഴലിക്കാറ്റിൽ റോഡ്, വൈദ്യുതി, വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായി. വൈദ്യുതി തൂണുകൾ നിലംപൊത്തി. അഞ്ച് തീരദേശ ജില്ലകളിൽ നിന്ന് മൂന്നു ലക്ഷം പേരെ മാറ്റിയിട്ടുണ്ട്. ആളുകളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ നിർദേശം നൽകി.
ഒഡിഷയിലെ 18 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരനന്തനിവാരണ സേനയുടെ 21 യൂനിറ്റുകൾ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ സമീപ സംസ്ഥാനങ്ങളിലെ സേനകളോടും തയാറായി ഇരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഉച്ചവരെ ഇതേ വേഗത്തിൽ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്‍റെ ശക്തി വൈകിട്ടോടെ കുറയുമെന്ന് മെറ്റിയോറളജിക്കൽ വകുപ്പ് അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് രാവിലെ 5.30യോടെ ആണ് ആന്ധ്ര-ഒഡിഷ തീരത്ത് ആഞ്ഞടിച്ചത്. ഒഡിഷയിലെ ഗോപാൽപൂരിനും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും മധ്യേയാണ് ചുഴലിക്കാറ്റ് കരയണഞ്ഞത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ഒഡിഷയിലെ ഗോപാൽപൂരിന് 530 കിലോമീറ്റർ തെക്കുകിഴക്കായും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിന് 450 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായും ആണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്.
ഒഡിഷയിലെ ഗജപതി, ഗഞ്ചം, ഖുർദ, നയാഗർ, പുരി ജില്ലകളിലും ആന്ധ്രപ്രദേശിലെ ശ്രീകാകുളത്തും ആണ് തിത്ലി കനത്ത നാശം വിതക്കാനിടയുള്ളത്. ചുഴലിക്കാറ്റിന് പാകിസ്താൻ നൽകിയ ‘തിത്ലി’ എന്ന പേരിെൻറ അർഥം ചിത്രശലഭമെന്നാണ്.