ജാംഷഡ്പൂര്‍: തുടര്‍ച്ചയായ മൂന്നാം എവേ ജയവും മൂന്നാം സ്ഥാനവും സ്വപ്നം കണ്ടു ജാംഷഡ്പൂരില്‍ പന്തുതട്ടാന്‍ ഇറങ്ങിയ മഞ്ഞപ്പടയെ കോപ്പലാശാന്‍ കളി പഠിപ്പിച്ചു. കഴിഞ്ഞ സീസണില്‍ കളി പകര്‍ന്നു തന്ന കോപ്പലാശാെന്റ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍വി അറിഞ്ഞത്.സ്റ്റീവ് കോപ്പലെന്ന പരിശീലകന്‍റെ അഭിമാനപോരാട്ടം എന്ന തിരിച്ചറിവില്‍ വിസില്‍ മുതല്‍ പറന്നു കളിച്ച ജാംഷഡ്പൂര്‍ ഐ.എസ്.എല്ലിലെ വേഗമേറിയ ഗോള്‍ അടക്കം നേടിയാണ് കേരളത്തെ മറികടന്നത്.
ഇരുപത്തി മൂന്നാം സെക്കന്റി്ല്‍ ജെറിയും മുപ്പതാം മിനിറ്റില്‍ അഷിം ബിശ്വാസുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ വിധിയെഴുതിയത്. ഇന്‍ജുറി ടൈമില്‍ മാര്‍ക് സിഫ്‌നിയോസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിനെ നാണംകെട്ട തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുത്തിയത്.
കളി തുടങ്ങി ഇരുപത്തി രണ്ടാം സെക്കന്റി്‌ലെ ഗോള്‍ മഞ്ഞപ്പടയുടെ ആവേശം കെടുത്തുന്നതായിരുന്നു. വിസിലിന് തൊട്ടുപിന്നാലെ ജംഷഡ്പുർ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പ്രതിരോധം പിളർത്തി അഷിം ബിശ്വാസ് നൽകിയ തകർപ്പൻ പാസിൽ നിന്നായിരുന്നു ജെറി മാംമിംഗ്താംഗയുടെ ഗോൾ. കളിക്കളം സജീവമാകും മുൻപാണ് പത്തൊൻപതു വയസ്സുകാരനായ ജെറി ജംഷഡ്പുറിന് ലീഡ് നല്‍കിയത്. സ്കോർ 1–0. ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ ഗോള്‍ നേടിയ മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ക്രിസ് ഡയഗനലിന്റെ ഐ.എസ്.എല്‍ റെക്കോഡാണ് ജെറി മറികടന്നത്.
വീറും വാശിയുമായി ഹ്യൂമേട്ടനോടും സി.കെ വിനീതിനോടുമൊപ്പം ബ്ലാസ്റ്റേഴ്‌സ് കത്തിക്കയറുന്നതിനിടെയാണ് അഷിം അടുത്ത ഗോളുമായി കേരളത്തിന്‍റെ വലകുലുക്കിയത്.കളി ആദ്യ പകുതി പിന്നിട്ടപ്പോഴും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചു വരാനായില്ല. ജാംഷഡ്പൂരിന്റെ മുന്നേറ്റങ്ങളെ തടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് മഞ്ഞ മതില്‍ പണിത് പ്രതിരോധം തീര്‍ത്തു. ഇന്‍ജുറി ടൈമില്‍ മാര്‍ക് സിഫ്‌നിയോസിന്‍റെ ഹെഡറാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ രക്ഷകനായത്. ഡല്‍ഹി ഡൈനാമോസിനെയും കരുത്തരായ മുംബൈ എഫ്.സിയെയും തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് ജാംഷഡ്പൂരിലെത്തിയത്. കൊച്ചിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍, ഗോള്‍രഹിത സമനിലയിലായിരുന്നു.
റെനെ മ്യൂളന്‍സ്റ്റീന്‍ രാജിവച്ചതിനു പിന്നാലെ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ഡേവിഡ് ജയിംസിനു കീഴില്‍ ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ വഴങ്ങുന്ന ആദ്യ തോല്‍വി കൂടിയാണിത്. അതേസമയം, ഹോം ഗ്രൗണ്ടില്‍ ജംഷഡ്പുരിന്റെ ആദ്യ വിജയവുമാണിത്.
വിജയത്തോടെ 10 മല്‍സരങ്ങളില്‍നിന്ന് 13 പോയിന്റുമായി ജംഷഡ്പുര്‍ ഏഴാം സ്ഥാനത്തേക്ക് കയറി. 11 മല്‍സരങ്ങളില്‍നിന്ന് 14 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് തുടരുന്നു.