തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അസ്ഥികളടക്കം ശരീരഭാഗങ്ങള്‍ നന്നായി കത്തിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഇന്നലെ വൈകിട്ടാണ് നെടുമ്പന കുരീപ്പള്ളി സെബദിയില്‍ ജോബ്.ജി.ജോണിന്റെ മകന്‍ ജിത്തു ജോബ് (14) ന്റെ മൃതദേഹം വീടിനു സമീപത്തെ വാഴത്തോട്ടത്തില്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴുത്തും രണ്ടു കൈകളും കാലുകളും വെട്ടേറ്റ നിലയിലും കാല്‍പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടി നുറുക്കിയിട്ടുമുണ്ട്. മുഖം കരിഞ്ഞ് വികൃതമായ നിലയിലായിരുന്നു.
വസ്തുതര്‍ക്കത്തിന്റെ പേരില്‍ അമ്മയാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കത്തിക്കുന്നതിനു മുന്‍പു വെട്ടിനുറുക്കിയതാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ വെട്ടിനുറുക്കിയിട്ടില്ലെന്നാണു ജയമോള്‍ മൊഴിനല്‍കിയത്. ഇതു ശരിവയ്ക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.