തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആർടിസി ബസിനുനേരെ കല്ലേറ്. കല്ലേറിൽ ബസിന്റെ ചില്ലുകൾ തകർന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തിവച്ചു. പൊലീസ് സംരക്ഷണം നൽകിയാൽ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നാണ് കെഎസ്ആർടിസി നിലപാട്. കെ.പി. ശശികലയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമസമിതിയും ഇന്ന് സംസ്ഥാനത്തു ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
ശബരിമലയിലേക്കു പോകാനായി എത്തിയ ശശികലയെ മരക്കൂട്ടത്തുവച്ച് പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസുമായി മരക്കൂട്ടത്തു തർക്കമുണ്ടായി. ശബരിമലയിലെത്താതെ താൻ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തിനു നട അടയ്ക്കുന്ന സാഹചര്യത്തിൽ രാത്രിയിൽ യാത്ര ഉപേക്ഷിക്കണമെന്നും തിരിച്ചുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പോലീസുമായി മരക്കൂട്ടത്തു തർക്കമുണ്ടായി. ശബരിമലയിലെത്താതെ താൻ തിരികെ പോകില്ലെന്നു ശശികല പോലീസിനെ അറിയിച്ചു. ഇതോടെയാണ് അഞ്ചു മണിക്കൂറിനുശേഷം പോലീസ് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സന്നിധാനത്തുനിന്ന് രാത്രിയിൽ അയ്യപ്പഭക്തരെ മലയിറക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്നു ശശികല പ്രഖ്യാപിച്ചിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവറാമിനെയും ശബരിമല ആചാര സംരക്ഷണസമിതി ജനറൽ സെക്രട്ടറി പൃഥ്വിപാലനെയും പന്പയിൽ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ സന്നിധാനത്തേക്ക് കടന്നുചെന്നാൽ ഉണ്ടാകാവുന്ന പ്രശ്നസാധ്യത കണക്കിലെടുത്താണ് പോലീസിന്റെ നടപടി. ശബരിമല സന്നിധാനത്തേക്കു പോകാനായി എത്തിയ ഇരുവരെയും പന്പ ഗാർഡ്റൂമിനു സമീപം പോലീസ് തടയുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട് സന്നിധാനത്തുണ്ടായ അക്രമസംഭവങ്ങളിൽ പൃഥ്വിപാലന്റെ പങ്കാളിത്തം പോലീസ് അന്വേഷിച്ചുവരികയാണ്.