ഗുവാഹത്തി : നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ വിജയം അനിവാര്യമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ ലീഡില്‍. കളിയുടെ എഴുപത്തിരണ്ടാം മിനിറ്റില്‍ കോര്‍ണറില്‍ തലവെച്ച മാറ്റെജ് പോപ്ലാനിച്ച് ആണ് കേരളത്തിനു നിര്‍ണായക ലീഡ് സമ്മാനിച്ചത്. വലതു ഫ്ലാങ്കില്‍ നിന്നും മലയാളി താരം സക്കീറിന്റെ കോര്‍ണറില്‍ നിന്നായിരുന്നു കേരളത്തിന്റെ ഗോള്‍.
അവസരങ്ങൾ ഇരുടീമുകളും പാഴാക്കിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മൽസരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായാണ് കലാശിച്ചത്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റും ഏഴാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സും നിർണായക മൽസരത്തിൽ ആക്രമിച്ചു കളിക്കാനാണ് ശ്രമിച്ചത്.നോർത്ത് ഈസ്റ്റിന്റെ ഒഗ്ബെഷെയാണ് ആദ്യം ആക്രമണത്തിനു തുടക്കമിട്ടത്.
കോർണർ കിക്കിലൂടെ ഗോൾവലയുടെ അടുത്തുവരെ പന്തെത്തിക്കാൻ ഒഗ്ബഷെയ്ക്ക് സാധിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് കീപ്പർ ധീരജ് സിങ് ശ്രമം തടഞ്ഞു. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഡുംഗലും ഹെഡറിലൂടെ ഗോൾവല കുലുക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം തെറ്റി. ആദ്യ ഇലവനിൽ സി.കെ.വിനീത് ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സെമിൻലെൻ ഡുംഗലും മലയാളിതാരം സഹൽ അബ്ദുൽ സമദും മധ്യനിരയിലെത്തി. എന്നാൽ ആദ്യ ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് സൂചനയുണ്ടായിരുന്ന ഹാലിചരൺ നർസാരി സ്ഥാനം നിലനിർത്തി.