അഗര്‍ത്തല: മുനിസിപ്പില്‍ കൗണ്‍സിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി-ഐ.പി.എഫ്.ടി അംഗങ്ങള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം.
വെസ്റ്റ് ത്രിപുര, സൗത്ത് ത്രിപുര, ഖോവായ്, നോര്‍ത്ത് ത്രിപുര എന്നിവടങ്ങളിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടതായി റാലിയെ നയിച്ച ത്രിപുര നിയമസഭയിലെ മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുന്‍ മന്ത്രിയുമായ പബിത്ര കര്‍ പറഞ്ഞു.
ഭരണകക്ഷിയുടെ നേതാക്കളും അണികളും ചേര്‍ന്ന് സി.പി.ഐ.എം നേതാക്കളെ നാമനിര്‍ദേശ പത്രിക നല്‍കാന്‍ സമ്മതിക്കാതിരിക്കുകയും, നല്‍കിയത് പിന്‍വലിക്കുക്കാന്‍ ആവശ്യപ്പെട്ടാണ് ആക്രമണം അഴിച്ചു വിട്ടതെന്നും കര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാക്കളുടെ വാഹനങ്ങള്‍ കത്തിച്ചതായും ആരോപണമുണ്ട്. പ്രതിപക്ഷത്തിനു നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നിരക്കുന്നതെല്ല എന്ന് കര്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്കെതിരെ രാജ്യത്ത് പലയിടത്തും സമാനമായി പ്രതിഷേധം ഉയരുന്നുണ്ടെന്നും അവരോട് എെക്യപ്പെടുന്നെന്നും കര്‍ പറഞ്ഞു.
ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ ഇരുപത് വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം ഭരണത്തിലേറിയത് 9 മാസം മുമ്പാണ്. ഇതിനു ശേഷം സംസ്ഥാനത്തെ നിരവധി സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ തകര്‍പ്പെടുകയും, നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.