ന്യൂഡല്‍ഹി: തര്‍ക്ക ഭൂമിയായ അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിടത്ത് സര്‍വ്വകലാശാല നിര്‍മ്മിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയ. രാമരാജ്യം നിര്‍മ്മിക്കേണ്ടത് ക്ഷേത്രം പണിതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഹിന്ദു-മുസ്ലിം സംഘടനകള്‍ അഭിപ്രായ സമന്വയമുണ്ടാക്കി അവിടെ സര്‍വ്വകലാശാല പണിയണം.
കൂടാതെ അവിടെ ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍, ഇന്ത്യന്‍, വിദേശീയര്‍, തുടങ്ങി എല്ലാവര്‍ക്കും അവിടെ പഠിക്കാന്‍ അവസരം നല്‍കണം. അതിലൂടെയാവണം രാമരാജ്യം നിര്‍മ്മിക്കേണ്ടത്. അല്ലാതെ ക്ഷേത്രം പണിതുകൊണ്ടല്ല’ – സിസോദിയ വ്യക്തമാക്കി.
വിദ്യാഭ്യാസം കൊണ്ടുമാത്രമേ ഇന്ത്യയിലെ ജാതിരാഷ്ട്രീയത്തെ തുടച്ചു നീക്കാനാവൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”ജപ്പാന്‍ യൂണിവേഴ്സിറ്റിയില്‍ ഞാന്‍ ഉണ്ടായിരുന്ന സമയത്താണ് ഹൈഡ്രജന്‍ ഉപയോഗിച്ച് എങ്ങനെ വാഹനമോടിക്കാം എന്ന പുതിയ ആശയത്തെ കുറിച്ച് ജനങ്ങള്‍ ചര്‍ച്ച ചെയ്തത്. അതേ ദിവസം നമ്മള്‍ ട്വിറ്ററില്‍ ഭഗവാന്‍ ഹനുമാന്റെ ജാതിയെ കുറിച്ചാണ് ചര്‍ച്ച ചെയ്തത്, ഇത് ദൗര്‍ഭാഗ്യകരമാണ്, വിദ്യാഭ്യാസത്തിലൂടെ മാത്രമേ നമുക്ക് ഇവയെ മറികടക്കാന്‍ കഴിയൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.”
തിരഞ്ഞെടുപ്പ് വരുന്നതോടെ വീണ്ടും അയോദ്ധ്യ വിഷയം ചൂടുപിടിച്ചിരിക്കുകയാണ്. അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് പല ഹിന്ദു സംഘടനകളും രംഗത്തെത്തിയ സാഹചര്യത്തിലാണ് സിസോദിയയുടെ പ്രസ്താവന.