മുംബൈ: വഴുതന വിളവെടുത്തപ്പോൾ കിട്ടിയ തുച്ഛവിലയിൽ മനംനൊന്ത് രണ്ടേക്കർ പാടത്തെ കൃഷി കർഷകൻ വെട്ടിനശിപ്പിച്ചു. മറ്റൊരു കർഷകൻ ഏഴര ക്വിന്റൽ ഉള്ളി വിറ്റു കിട്ടിയ നിസ്സാരതുക, പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ പുതിയ സംഭവം.അഹമ്മദ് നഗർ ജില്ലയിലെ സാകുരി ഗ്രാമത്തിൽ രാജേന്ദ്ര ബാവക്കെ എന്ന കർഷകനാണ് വഴുതനക്കൃഷി നശിപ്പിച്ചത്.
മൊത്തവ്യാപാരകേന്ദ്രത്തിൽ വഴുതന വിൽക്കാനെത്തിച്ചപ്പോൾ കിലോയ്ക്ക് 20 പൈസ നിരക്കിലാണ് കിട്ടിയത്. രണ്ടു ലക്ഷം രൂപ മുതൽമുടക്കി കൃഷിചെയ്തിട്ട് നേടാനായത് 65,000 രൂപ മാത്രമാണെന്ന് രാജേന്ദ്ര പറയുന്നു. നിരാശനായ ഇദ്ദേഹം അടുത്ത വിളപ്പെടുപ്പിനായി നട്ട വഴുതനച്ചെടികൾ മുഴുവൻ വെട്ടിനശിപ്പിക്കുകയായിരുന്നു.ആധുനിക കൃഷിരീതികൾ അവലംബിച്ചാണ് കൃഷി തുടങ്ങിയത്. വളവും മരുന്നും വാങ്ങിയ വകയിൽ കടക്കാരന് 35,000 രൂപ നൽകാനുണ്ട്. കടം എങ്ങനെ വീട്ടുമെന്ന ആധിയിലാണ് താനെന്നും രാജേന്ദ്ര പറയുന്നു.
നാസിക്ക്, സൂറത്ത് എന്നിവിടങ്ങളിലെ മൊത്തവ്യാപര കമ്പോളങ്ങളിലാണ് വഴുതനങ്ങ വിൽക്കാൻ പോയത്. രണ്ടിടത്തും കിലോയ്ക്ക് 20 പൈസ പ്രകാരമാണ് വഴുതനക്കച്ചവടക്കാർ പറഞ്ഞത്. ഇനിയുമൊരു നഷ്ടം സഹിക്കാൻ കഴിയാത്തതു കൊണ്ടാണ് അടുത്ത വിള നശിപ്പിച്ചതെന്ന് രാജേന്ദ്ര പറയുന്നു.
ഉള്ളി വിറ്റ പണം പ്രധാനമന്ത്രിക്ക്
നാസികിലെ നിപാദിലാണ് കഴിഞ്ഞ ദിവസം ഏഴര ക്വിന്റൽ ഉള്ളി വിറ്റു കിട്ടിയ തുച്ഛമായ 1,064 രൂപ കർഷകനായ സഞ്ജയ് സാഥെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ചുകൊടുത്ത് പ്രതിഷേധിച്ചത്.
കിലോയ്ക്ക് ഒരു രൂപ വെച്ച് നൽകാമെന്നാണ് മൊത്തക്കമ്പോളത്തിലെ കച്ചവടക്കാർ പറഞ്ഞത്. വിലപേശിയപ്പോൾ കിലോക്ക് 1.40 രൂപ വെച്ച് കിട്ടി. ഇത്തരമൊരു അവസ്ഥ വേദനാജനകമാണ്. തുടർന്നാണ് കിട്ടിയ മുഴുവൻ കാശും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയച്ചുകൊടുത്തതെന്ന് സഞ്ജയ് പറഞ്ഞു. പണം അയച്ചതിന് 54 രൂപ വേറെയും ചെലവായതായി അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ഏറ്റവുംകൂടുതൽ ഉള്ളി വിളപ്പെടുപ്പ് നടത്തുന്നത് നാസിക്കിലെ ലസൽഗാവിലാണ്. ഉള്ളിക്ക് ഇപ്പോൾ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 2010-ൽ അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ മുംബൈ സന്ദർശിച്ചപ്പോൾ അദ്ദേഹവുമായി സംവദിക്കാൻ സർക്കാർ തിരഞ്ഞെടുത്ത കർഷകരിലൊരാളായിരുന്നു സഞ്ജയ് സാഥെ.