ലഖ്നോ : ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഗോവധം ആരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സുബോധ്കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ ബജ്റംഗദള്‍ ജില്ലാ നേതാവ് അറസ്റ്റില്‍. യോഗേഷ് രാജ് എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.യോഗേഷ് രാജിന് പുറമെ യുവമോര്‍ച്ചാ അംഗമായ ശിഖര്‍ അഗര്‍വാളിനേയും വി.എച്ച്.പി നേതാവ് ഉപേന്ദ്ര യാദവിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപത്തിനും കൊലപാതകത്തിനും നേരിട്ട് നേതൃത്വം നല്കിയവരാണ് ഇവരെന്ന് പൊലീസ് പറയുന്നു.
ബജ്റംഗദള്‍ നേതാവിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കലാപം നടത്തിയതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെക്ഷന്‍ 302,307 വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബി.ജെ.പിയുടേയും വി.എച്ച്.പിയുടേയും പ്രധാനപ്പെട്ട നേതാക്കളും അറസ്റ്റിലായതായി സൂചനയുണ്ട്. 28 ആളുകളുടെ പേരുകളാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.കലാപത്തിന് പിന്നില്‍ ബജ്റംഗദള്‍, ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണെന്നും പൊലീസ് വ്യക്തമാക്കി.
” കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകും. തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എസ്.ഐ.ടി സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്”- മീററ്റ് മേഖലയിലെ എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. അറസ്റ്റിലായിരിക്കുന്ന യോഗേഷ് രാജാണ് പശുവിനെ അറക്കുന്നത് കണ്ടെന്ന് പറഞ്ഞ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെയാണ് ആറ് പേര് പശുവിനെ അറക്കുന്നത് കണ്ടതെന്നും തങ്ങള്‍ ഓടിച്ചെന്നപ്പോഴേക്കും അവര്‍ രക്ഷപ്പെട്ടു കളഞ്ഞെന്നുമായിരുന്നു ഇയാള്‍ പരാതിയില്‍ പറഞ്ഞത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്നും പൊലീസ് പറഞ്ഞു.
അക്രമസംഭവം മുന്‍കൂട്ടി ആസുത്രണം ചെയ്തതെന്ന് സംശയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളായ തഹസില്‍ദാര്‍ രാജ്കുമാര് ഭാസ്ക്കര്‍ പറയുന്നത് ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്നും പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നെന്നും ഇത് സാധാരണ നടക്കാത്ത സംഭവമാണെന്നുമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.”
പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ഡിസംബര്‍ 1 മുതല്‍ 3 വരെ മുസ്ലീം വിഭാഗമായ തബ്ലീഗ് ജമാഅത്തിന്റെ ‘ഇജ്തെമാഅ്’ പരിപാടി ബുലന്ദ് ശഹറില്‍ നടന്നിരുന്നു. 10 ലക്ഷം പേര് പങ്കെടുക്കുന്ന പരിപാടി തിങ്കളാഴ്ചയാണ് അവസാനിച്ചത്. ബുലന്ദ്ശഹര്‍ ദേശീയ പാതയിലൂടെയാണ് ഈ ആളുകള്‍ സഞ്ചരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ തെരഞ്ഞെടുത്ത സ്ഥലവും സമയവും സംശയസ്പദമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.