തിരുവനന്തപുരം : തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുളള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗരഗ്രാമാസൂത്രണം, എഞ്ചിനീയറിംഗ് വിഭാഗം എന്നീ സര്‍വ്വീസുകള്‍ ഏകോപിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് എന്ന പേരില്‍ പൊതു സര്‍വ്വീസ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ അജിത് കുമാറിന് അധിക ചുമതല നല്‍കി ഏകോപിത വകുപ്പിന്റെ പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, കോഴിക്കോട് ജില്ലയിലെ വടകര, കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ പുതിയ റവന്യൂ ഡിവിഷന്‍ ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. വിശാലകൊച്ചി വികസന അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരമുളള ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചു.
ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയില്‍ 313 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 42 തസ്തികകള്‍ ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ നിന്ന് ഡെപ്യുട്ടേഷന്‍ വഴി നിയമിക്കും. സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന് ദേശീയ പിന്നോക്ക ധനകാര്യവികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് 100 കോടി രൂപയുടെ ഗ്യാരന്റി അനുവദിക്കാന്‍ തീരുമാനിച്ചു.
വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 5 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. നിലമ്പൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അധ്യാപകരുടെ 8 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.ആര്‍. അജയകുമാറിനെ സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാനും ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല നല്‍കാനും മന്ത്രിസഭ തീരുമാനം. കേന്ദ്ര ഡെപ്യൂട്ടഷന്‍ കഴിഞ്ഞുവരുന്ന സഞ്ജീവ് കൗശികിനെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ സി.എം.ഡിയായി നിയമിക്കാന്‍ തീരൂമാനമായി. കിഫ്ബി ഡെപ്യൂട്ടി എം.ഡിയുടെ അധിക ചുമതല അദ്ദേഹം വഹിക്കും.
കെ.എസ്.ഇ.ബി സി.എം.ഡി. ഡോ. കെ. ഇളങ്കോവനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കും. നോര്‍ക്കയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടിയുടെ അധിക ചുമതല കൂടി അദ്ദേഹത്തിനുണ്ടാകും. പൊതുഭരണ പ്രിന്‍സിപ്പില്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്ക്ക് ഊര്‍ജ്ജ വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.ധനകാര്യ (എക്‌സ്‌പെന്‍ഡിച്ചര്‍) സെക്രട്ടറി ഷര്‍മിള മേരി ജോസഫ് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും വഹിക്കും. ലോട്ടറി ഡയറക്ടര്‍ എസ്. ഷാനവാസിനെ നോര്‍ക്ക സി.ഇ.ഒയുടെ അധിക ചുമതല നല്‍കും. അസാപ് സി.ഇ.ഒ ഡോ. സജിത് ബാബുവിനെ സഹകരണ രജിസ്ട്രാറുടെ അധിക ചുമതല നല്‍കും.കെ.എസ്.ഇ.ബി. ഡയറക്ടര്‍ (ഫിനാന്‍സ്) എന്‍.എസ്. പിളളയെ ബോര്‍ഡിന്റെ സി.എം.ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു.