തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ഓട്ടോ – ടാക്സി നിരക്കുകൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രാബല്യത്തിൽ വരും. നിരക്ക് വർദ്ധന ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പ്രഖ്യാപിച്ചു.
പുതുക്കിയ നിരക്ക് വർദ്ധന നിലവിൽ വരുമ്പോൾ ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 25 രൂപയായി ഉയരും. മിനിമം നിരക്കിന് ശേഷമുള്ള ഓരോ കിലോമീറ്ററനും 12 രൂപ വീതം നൽകണം. ടാക്സി കാറുകൾക്ക് മിനിമം നിരക്ക് 175 രൂപയാകും. അഞ്ചു കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ അധികമായി നൽകണം.
കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭായോഗമാണ് ഓട്ടോ, ടാക്സി നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ പരിഗണിച്ചാണ് നിരക്കുവർദ്ധനയ്ക്ക് അനുമതി നൽകിത്. ഓട്ടോയുടെ മിനിമം നിരക്ക് ഇരുപതു രൂപയിൽ നിന്ന് 30 രൂപയാക്കണമെന്നും ടാക്സിയുടേത് 150 രൂപയിൽ നിന്നും 200 രൂപയാക്കണമെന്നുമായിരുന്നു രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തത്.
എന്നാൽ, നിരക്ക് വർദ്ധിപ്പിക്കണമെന്ന ശുപാർശ അംഗീകരിച്ച മന്ത്രിസഭായോഗം ഓട്ടോനിരക്ക് 25 രൂപയാക്കിയും ടാക്സി നിരക്ക് 175 രൂപയാക്കിയും വർദ്ധിപ്പിക്കുകയായിരുന്നു.