ഛണ്ഡീഗഢ്: പ്രതിക്ഷേധങ്ങളും ആക്രമണങ്ങള്‍ക്കുമിടയിലും സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവത് രാജ്യമൊട്ടാകെ റിലീസായി. ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും രജ്പുത് കര്‍ണി സേനയുടെ പ്രതിഷേധം അക്രമാസക്തമാണ്. റോഡുകള്‍ തടഞ്ഞാണ് ഇവരുടെ പ്രതിക്ഷേധം.
ഹരിയാനയില്‍ ബിജെപി മീഡിയാ കോര്‍ഡിനേറ്റര്‍ സൂരജ് പാല്‍ അമുവിനെ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. നിരവധിപേരാണ് അറസ്റ്റിലായത്. സഞ്ജയ് ലീലാ ബന്‍സാലിയുടേയും ദീപികാ പദുക്കോണിന്റെയും ശിരസ്സ് ഛേദിക്കുന്നവര്‍ക്ക് നേരത്തെ ഇയാള്‍ പത്തു കോടി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഹരിയാനയിലെ 33 തീയേറ്ററുകളിലാണ് ചിത്രം റിലീസായത്. ഉത്തരാഖണ്ഡിലെ ഋഷികേഷില്‍ സിനിമാ തീയേറ്ററിന് മുന്നില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍, ആഗ്ര, മുഘള്‍സറായ്, ലക്‌നൗ എന്നിവടങ്ങളിലാണ് പ്രതിഷേധം നടന്നത്.
ഗുഡ്ഗാവില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇന്ന് ഹരിയാനയിലേയും ഡല്‍ഹിയിലേയും ചില സ്‌കൂളുകള്‍ അടഞ്ഞുകിടന്നു. ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും മാളുകള്‍ക്കും കടകള്‍ക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു.