തിരുവനന്തപുരം: ജില്ല ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സർക്കാർ നീക്കത്തെ ശക്തമായി എതിർക്കാൻ യു.ഡി.എഫ് തീരുമാനം. ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
നീക്കത്തിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്. ലയനത്തോടെ കിട്ടുന്ന ജില്ല ബാങ്കുകളുടെ പണം സർക്കാറിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇക്കാര്യം റിസർവ് ബാങ്കിനെയും നബാർഡിനെയും ബോധ്യപ്പെടുത്താൻ യു.ഡി.എഫ് നിവേദകസംഘം പാർലമെൻറ് സമ്മേളനകാലത്ത് ഡൽഹിൽ പോകും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ യു.ഡി.എഫ് സഹകാരികളുടെ യോഗം ഫെബ്രുവരി ഒന്നിന് തലസ്ഥാനത്ത് ചേരുമെന്ന് കൺവീനർ പി.പി. തങ്കച്ചൻ അറിയിച്ചു. പെട്രോൾ-ഡീസൽ വിലവർധനയിനും നികുതികുറക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാറിന്റെ നിലപാടിലും പ്രതിഷേധിച്ച് യു.ഡി.എഫ് ശക്തമായ സമരപരമ്പര തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.