അരവിന്ദ് ഗുപ്തയ്ക്ക് പത്മശ്രീ. ഇന്ത്യയിലെ കുട്ടികളില്‍ ശാസ്ത്രം പ്രചരിപ്പിക്കുന്നതിനുള്ള ഒറ്റയാള്‍ പട്ടാളമാണ് അരവിന്ദ് ഗുപ്ത. പാഴ്വസ്തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളുണ്ടാക്കുക എന്ന ആശയമാണ് അദ്ദേഹത്തെ ഇന്ന് ശ്രദ്ധേയനാക്കുന്നത്. കമ്പോളത്തില്‍ ഇന്ന് കിട്ടുന്ന പളപളപ്പുള്ള പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളൊന്നും കുട്ടികളുടെ ജിജ്ഞാസയോട് പ്രതികരിക്കുന്നവ അല്ല എന്നു മാത്രമല്ല, ഇന്ത്യയിലെ ഒട്ടു മിക്ക കുട്ടികള്‍ക്കും അവയുടെ വില താങ്ങാനുമാവില്ല. അവിടെയാണ് അരവിന്ദ്ജിയുടെ കളിപ്പാട്ടങ്ങള്‍ പ്രസക്തമാകുന്നത്.
അവ പാഴ്വസ്തുക്കളില്‍ നിന്നുണ്ടാക്കുന്നു എന്നതിനാല്‍ വില കുറഞ്ഞവയാണ് എന്നത് മാത്രമല്ല, കുട്ടികളുടെ കൌതുകം ഉണര്‍ത്തുന്നതില്‍ കൂടുതല്‍ മകച്ചവയുമാണ്. കളിപ്പാട്ടങ്ങളുടെ കാര്യത്തിലെ ലാറി ബേക്കറാണ് അരവിന്ദ് ഗുപ്ത. കളിപ്പാട്ടങ്ങള്‍ പൊളിച്ചു നോക്കാനും കൂടെയുള്ളവയാണ് എന്നാണ് അരവിന്ദ് ഗുപ്തയുടെ വാദം. ഉത്തരപ്രദേശിലെ ബറേലിയില്‍ ജനിച്ച അരവിന്ദ് കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദമെടുത്തു. ടാറ്റാ മോട്ടോര്‍സില്‍ ജോലിക്ക് പ്രവേശിച്ച അദ്ദേഹം ഇതല്ല തന്റെ വഴി എന്ന് തിരിച്ചറിയുകയായിരുന്നു. ഭോപ്പാലിലെ ഹോഷംഗബാദ് സയന്‍സ് പ്രോജക്ടില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, ഇനി എന്തു ചെയ്യും എന്ന് ആലോചിച്ചിരിക്കെ ആണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നത്. (1970കളില്‍.) പരിഷത്തിനെക്കുറിച്ചറിയാന്‍ കൂടുതല്‍ താല്പര്യമുണ്ടെന്ന് ഡോ എം പി പരമേശ്വരന് ഒരു കത്തയച്ചു.
കേരളത്തിലെ ഒരു മാസത്തെ വിശദമായ യാത്രാ പ്ലാനായിരുന്നു പോസ്റ്റ് കാര്‍ഡില്‍ വന്ന എംപിയുടെ മറുപടി. അരവിന്ദ് ഗുപ്ത അങ്ങനെ കേരളത്തില്‍ വന്നു. എം പി പരമേശ്വരന്‍, കെ കെ കൃഷ്ണകുമാര്‍, ലാറി ബേക്കര്‍, തോമസ് ഐസക്, ഡോ ബി ഇക്ബാല്‍, എം എ ബേബി എന്നിവരെയൊക്കെ പരിചയപ്പെട്ടു. ബേക്കര്‍ അന്ന് തിരുവനന്തപുരത്ത കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കെട്ടിടം പണിയുകയായിരുന്നു. അവിടെ സഹായി ആയി കൂടി. തിരിച്ചു പോയി ദില്ലിയില്‍ ഭാര്യ സുനിത പാന്ഥെയുമായി (സിഐടിയു നേതാവായിരുന്ന എംകെ പാന്ഥെയുടെ സഹോദരന്റെ മകളായ പൂനെക്കാരി.) താമസമാക്കിയ അരവിന്ദ് മീരാംബിക സ്‌കൂള്‍ ആരംഭിച്ചപ്പോള്‍ മകള്‍ ദുലാരിയെ ആദ്യ ബാച്ചില്‍ തന്നെ ചേര്‍ത്തു. പ്രത്യേക സിലബസിനോട് അഫിലിയേറ്റ് ചെയ്യാത്ത, പരീക്ഷയും പാഠപുസ്തകവും ക്ലാസ് മുറികളുമില്ലാത്ത ഈ സ്‌കൂള്‍ അന്നത്തെ വലിയൊരു വിപ്ലവമായിരുന്നു. ദുലാരി അവിടെ പഠിച്ച ആറു വര്‍ഷവും അരവിന്ദ് അവിടെ പഠിപ്പിച്ചു. മീരാംബികയുടെ ആശയം പ്രാവര്‍ത്തികമാക്കി എടുക്കുന്നതില്‍ അരവിന്ദിന്റെ പങ്ക് വളരെ വലുതാണ്.
നമുക്ക് അരവിന്ദ് കൂടുതല്‍ പ്രസക്തനാകുന്നത് ടോട്ടോ – ചാന്‍ പ്രസിദ്ധീകരിക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിനെ നിര്‍ബന്ധിച്ച ആള്‍ എന്ന നിലയിലാണ്. ഇത്തരത്തിലുള്ള നൂറു കണക്കിന് പുസ്തകങ്ങള്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തത് അരവിന്ദ് ഗുപ്തയാണ്. ഞാന്‍ അരവിന്ദ് ഗുപ്തയെ പരിചയപ്പെടുന്നത് ഇക്കാലത്താണ്. തിരുവനന്തപുരത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓഫീസില്‍ ജോലി ചെയ്യുകയായിരുന്ന എന്നെയാണ് അരവിന്ദ് ഗുപ്തയുമായി കത്തിടപാട് നടത്താനും ടോട്ടോ ചാന്‍ തര്‍ജമ ചെയ്യിക്കാനും അന്ന് പ്രസിദ്ധീകരണ സമിതി കണ്‍വീനറായിരുന്ന കെ കെ കൃഷ്ണകുമാര്‍ ഏല്പിച്ചത്. അങ്ങനെയാണ് എന്റെ സുഹൃത്ത് അന്‍വര്‍ അലി വിവര്‍ത്തനം ചെയ്ത് ടോട്ടോ ചാന്‍ മലയാളത്തില്‍ ഇറങ്ങുന്നത്. ദിവാസ്വപ്നം പോലുള്ള പല പുസ്തകങ്ങളും അരവിന്ദ് ഗുപ്തയുടെ സ്വാധീനത്താലാണ് പരിഷത്ത് പ്രസിദ്ധീകരിക്കുന്നത്. എന്‍ബിടിയില്‍ ജോലിക്കു ചേര്‍ന്ന എന്നെ പരിചയപ്പെടാനും കാണാനും പരിചയപ്പെടാനും ആദ്യം വന്നവരിലൊരാള്‍ അരവിന്ദ് ആയിരുന്നു. ദില്ലിയില്‍ എന്റെ പ്രിയ സ്‌നേഹിതനായി അദ്ദേഹം.
എന്‍ബിടിയുടെ അനൌപചാരിക എഡിറ്ററെപ്പോലെ ആയിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. എന്നും അരവിന്ദ് എന്‍ബിടിയില്‍ വരുമായിരുന്നു. അന്നത്തെ ഡയറക്ടര്‍ അരവിന്ദ് കുമാര്‍ അതനുവദിച്ചുമിരുന്നു. ഹിന്ദിയിലേക്കും മറാത്തിയിലേക്കും മികച്ച വിവര്‍ത്തനം ചെയ്തിരുന്ന അരവിന്ദ് ഗുപ്തയാണ് ടോട്ടോ ചാന്‍ അടക്കമുള്ള പല പുസ്തകങ്ങളും എന്‍ബിടിക്ക് വേണ്ടി ഈ ഭാഷകളിലാക്കിയത്. ഹിന്ദിയില്‍ നിന്നും മറാത്തിയില്‍ നിന്നും ഇംഗ്ലീഷിലേക്കും പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. കളിപ്പാട്ടങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ എന്‍ബിടി പ്രസിദ്ധീകരിക്കുകയും ചെയ്തു. ദുലാരിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായി അവള്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറിയതോടെ അരവിന്ദ് ഗുപ്ത താമസം പൂനെയിലേക്ക് മാറ്റി. അപ്പോഴാണ് ഞാന്‍ ദില്ലിയിലെ അരവിന്ദ് ഗുപ്തയുടെ ഫ്‌ലാറ്റിലെ വാടകക്കാരനാവുന്നത്. അപ്പോഴേക്കും മീരാംബികയിലെ വിദ്യാര്‍ത്ഥി ആയി മാറിയിരുന്ന എന്റെ മകന്‍ ആരോമലിന് ഒരു അലമാര നിറയെ താനുണ്ടാക്കിയ അത്ഭുതകരങ്ങളായ കളിപ്പാട്ടങ്ങളും അവയുണ്ടാക്കാനുള്ള ഉപകരണങ്ങളും വിട്ടിട്ടാണ് അദ്ദേഹം പോയത്.
ആരോമലിന്റെ ബാല്യം മനോഹരമാക്കുന്നതില്‍ അരവിന്ദ് ഗുപ്തയുടെ സ്‌നേഹം വളരെ വലുതായിരുന്നു. പൂനെയിലദ്ദേഹം കുറച്ചു വര്‍ഷം അയുക്കയില്‍ (ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി) ജോലി ചെയ്തു. കളിപ്പാട്ടങ്ങളിലെ പരീക്ഷണങ്ങള്‍ തന്നെയായിരുന്നു ഇവിടെയും ചെയ്തത്. ഇപ്പോള്‍ ദുലാരിയുടെ മകനെ നോക്കി ചെന്നൈയില്‍ താമസിക്കുന്നു. ഞാന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അരവിന്ദിന്റെ Science Skills and Thrills എന്ന പുസ്തകം അവിടെ നിന്ന് പ്രസിദ്ധീകരിക്കാനായി. ഇന്‍സ്റ്റിറ്റ്യൂട്ട് അക്കാലത്ത് പ്രസിദ്ധീകരിച്ച ഏക ഇംഗ്ലീഷ് പുസ്തകം. തികഞ്ഞ സോഷ്യലിസ്റ്റും ഗാന്ധിയനുമായ അരവിന്ദ് ഗുപ്തയെപ്പോലുള്ളവര്‍ കുറഞ്ഞു വരുന്ന ഒരു ഇന്ത്യയില്‍ ഈ പത്മപുരസ്‌കാരം സന്തോഷമുളവാക്കുന്നു. അരവിന്ദ് ഗുപ്തയുടെ കളിപ്പാട്ടങ്ങളുടെ വിഡിയോകളും പകര്‍പ്പവകാശമില്ലാത്ത മികച്ച ബാലസാഹിത്യ, ശാസ്ത്ര പുസ്‌കകങ്ങളുടെ ശേഖരവും ഇവിടെ കാണാം- http://arvindguptatoys.com/
എന്‍.ബി.ടി അസിസ്റ്റന്റ് എഡിറ്റര്‍ റൂബന്‍ ഡിക്രൂസ് ഫേസ്‌ബുക്കില്‍ കുറിച്ചത് ..