ന്യൂഡൽഹി: റിപബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്രസർക്കാർ ഇരിപ്പിടം നൽകിയത് ആറാം നിരയിൽ. പൊതുജനങ്ങളോട് തൊട്ടടുത്ത് നിരയിലിരുന്നാണ് രാഹുൽ പരേഡ് വീക്ഷിച്ചത്. അതേ സമയം, ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ അദ്വാനി എന്നിവർക്ക് മുൻ നിരയിൽ തന്നെ ഇരിപ്പിടം ലഭിച്ചിരുന്നു.
ആറാം നിരയിൽ കോൺഗ്രസ് അധ്യക്ഷനൊപ്പം പാർട്ടിയുടെ മുതിർന്ന നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവായ ഗുലാംനബി ആസാദും ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായാണ് പ്രതിപക്ഷ പാർട്ടിയുടെ നേതാവിന് ഇത്രയും പിന്നിൽ ഇരിപ്പിടം നൽകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
ബി.ജെ.പി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അരാജകവാദികളായ രാഷ്ട്രനേതാക്കൾ രാഹുലിന് പിൻനിരയിലാണ് ഇരിപ്പിടം നൽകിയതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സൂരജ്വാല ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്ക് മുൻ നിരയിൽ തന്നെ ഇരിപ്പിടം നൽകി എന്നതും ശ്രദ്ധേയമാണ്.