വാളയാര്‍: കല്യാണ്‍ ജുവലറി ഗ്രൂപ്പ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ തട്ടിക്കൊണ്ടുപോയതായി പരാതി. 98.05 ലക്ഷം വലവരുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് കമ്പനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ജനുവരി ഏഴിന് രാവിലെ 11.30 നാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രണ്ട് വാഹനങ്ങളിലായാണ് ആഭരണങ്ങള്‍ കൊണ്ടുപോയത്. വാളയാര്‍ അതിര്‍ത്തിക്ക് സമീപം ചാവടിയില്‍ വെച്ച് ഒരുസംഘം ആഭരണങ്ങള്‍ കൊണ്ടുപോയ വാഹനങ്ങള്‍ തടയുകയും ഡ്രൈവര്‍മാരെ വാഹനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി വാഹനങ്ങളുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
വാഹനങ്ങളിലുണ്ടായിരുന്ന ആഭരണങ്ങള്‍ക്ക് എല്ലാ രേഖകളും ഉണ്ടായിരുന്നതായും ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിന് സമീപിക്കുമെന്നും കല്യാണ്‍ ജുവലേഴ്സ് അറിയിച്ചു. സംഭവത്തില്‍ പാലക്കാട്, തമിഴ്നാട്ടിലെ ചാവടി പോലീസ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്.
അധികൃതര്‍ക്ക് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും ആഭരണങ്ങള്‍ എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ ആവശ്യപ്പെട്ടു.