തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണനെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നുയെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന സ്ഥാനമാണ് വ്യാപാരം തുടങ്ങാനുള്ള മൂലധനം എന്ന് മുരളീധരന്‍ പറഞ്ഞു.
മലയാളി വ്യവസായികള്‍ നടത്തുന്ന വിദേശ കമ്പനികളില്‍ കോടിയേരിയുടെ മക്കള്‍ക്ക് വൈസ് പ്രസിഡന്റ് സ്ഥാനം വരെ ലഭിക്കുന്നു. യാതൊരു അടിസ്ഥാന യോഗ്യതയും ഇല്ലാതെ കോടിയേരിയുടെ മക്കള്‍ക്ക് ജോലി നല്‍കുന്നതിന് കാരണം അച്ഛന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ആണെന്നതാണെന്നും മുരളീധരന്‍ ആരോപിച്ചു.
സാമ്പത്തിക തട്ടിപ്പില്‍ ദുരൂഹതയുണ്ട്. ചെക്ക് കേസ് പുറത്ത് വന്ന ഉടനെ മകന്‍ വിശദീകരിക്കും എന്നാണ് കോടിയേരി പറഞ്ഞത്. എന്നാല്‍ രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ഇങ്ങനെയൊരു തട്ടിപ്പ് നടന്നില്ലെന്നാണ് സി.പി.എം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ മൗനം വെടിഞ്ഞ് സാമ്ബത്തിക തട്ടിപ്പ് അന്വേഷിക്കാനുള്ള നിയമനടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കോടിയേരി ബാലകൃഷ്ണന്റെ മകന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. മുരളീധരന്‍.