തിരുവനന്തപുരം: ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട പി ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാൻ സിപിഎം തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയ ടി വി രാജേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഷുക്കൂർ വധക്കേസിലെ പ്രതികളായ ജയരാജനെയും ടി വി രാജേഷിനെയും സംരക്ഷിക്കുന്ന സി പി എം നിലപാട് അപലപനീയമാണ്. കൊലക്കുറ്റം ചുമത്തപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കാൻ വേണ്ടിയാണ് വിഷയത്തിൽ മുഖ്യമന്ത്രി മൗനം തുടരുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്ന വി എസിന്‍റെ നിലപാടെങ്കിലും സിപിഎം ഗൌരവമായി എടുക്കണം. കോടിയേരിയുടെ പ്രസ്താവന വായിച്ചാൽ നിയമം സി പി എമ്മിന്‍റെ വഴിക്ക് പോകണമെന്ന് പറയുന്നത് പോലെ തോന്നുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.