തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി പടയൊരുക്കത്തിന് തുടക്കം കുറിച്ചുകൊണ്ട് വികസന വിരുദ്ധതയ‌്ക്കും വിദ്വേഷരാഷ്ട്രീയത്തിനുമെതിരെയുള്ള എൽഡിഎഫ‌് കേരളസംരക്ഷണ യാത്ര വ്യാഴാഴ‌്ച തുടങ്ങും. ‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ…’ എന്ന മുദ്രാവാക്യം ഉയർത്തിയും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ചര്‍ച്ചയാക്കിയുമാണ് ജാഥ. സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥ വ്യാഴാഴ‌്ച വൈകിട്ട‌് നാലിന‌് തിരുവനന്തപുരത്ത‌് പൂജപ്പുര മൈതാനിയിൽ സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി ഉദ‌്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള വടക്കൻ മേഖലാജാഥ 16ന‌് മഞ്ചേശ്വരത്ത‌് തുടങ്ങും. സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ‌്ഘാടനം ചെയ്യും. മാർച്ച‌് രണ്ടിന‌് ഇരുജാഥകളും തൃശൂരിൽ മഹാറാലിയോടെ സമാപിക്കും.കേരളസംരക്ഷണ യാത്രയുടെ സമാപനത്തോടെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ‌് പ്രവർത്തനത്തിന‌് തുടക്കംകുറിക്കുമെന്ന‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. വലതുപക്ഷവൽക്കരണത്തിനും വർഗീയതയ‌്ക്കുമെതിരെയുള്ള രാഷ‌്ട്രീയപ്രചാരണമാണ‌് ജാഥകളുടെ ലക്ഷ്യം. മോഡി സർക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരെ ജനവികാരം വളർത്താനും കേരളവികസനത്തിനും ജനക്ഷേമത്തിനും ജനങ്ങളെ സജ്ജരാക്കുക.
‘വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളും ജാഥ മുന്നോട്ടുവയ‌്ക്കുന്നു. കോടിയേരിക്കുപുറമെ കെ പ്രകാശ‌്ബാബു(സിപിഐ), പി സതീദേവി (സിപിഎം), അഡ്വ. ബിജിലി ജോസഫ‌്(ജനതാദൾ), പി കെ രാജൻ (എൻസിപി), യു ബാബു ഗോപിനാഥ‌് (കോൺഗ്രസ‌് എസ‌്) ഡിക്കൻ തോമസ‌്(കേരള കോൺഗ്രസ‌്), ഡോ. വർഗീസ‌് ജോർജ‌്(ലോക‌്താന്ത്രിക‌് ജനതാദൾ) കാസിം ഇരിക്കൂർ (ഐഎൻഎൽ) ഡോ. ആന്റണി രാജു(ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു (കേരള കോൺഗ്രസ‌് ബി) എന്നിവരാണ‌് തെക്കൻ മേഖലാ ജാഥാംഗങ്ങൾ.