പനാജി: അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനു പകരക്കാരനായി ബിജെപിയുടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയാകും. ഇന്ന് രാത്രി ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. രണ്ട് ഘടകകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായിട്ടുണ്ട്.
മനോഹർ പരീക്കറുടെ മരണത്തോടെ പ്രതിസന്ധിയിലായ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ കരുനീക്കങ്ങളുമായി ബിജെപി രംഗത്തെത്തുകയായിരുന്നു. പരീക്കറിന്റെ മരണത്തിനു പിന്നാലെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പനാജിയിൽ എത്തി. ഘടകകക്ഷി നേതാക്കളുമായും പാർട്ടി നേതാക്കളുമായും ഗഡ്കരി രാത്രി തന്നെ ചർച്ചകൾ നടത്തിയിരുന്നു. ഇതോടെ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി പദത്തിൽ ഉറപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയിലെ സുധിൻ ധവാലികറും ഫോര്‍വേഡ് പാര്‍ട്ടിയിലെ വിജയ് സര്‍ദേശായിയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടു രംഗത്തെത്തിയിരുന്നു. എന്നാൽ ഇരുവരേയും ഉപമുഖ്യമന്ത്രിമാരാക്കാമെന്ന ധാരണയിൽ ബിജെപി പ്രശ്നം പരിഹരിച്ചു. അതേസമയം, രണ്ടു ഘടകകക്ഷി എംഎൽഎമാർ ഇപ്പോഴും ഇടഞ്ഞുനിൽക്കുകയാണ്. മന്ത്രിസ്ഥാനം നൽകണമെന്നാണ് എജിപി എംഎൽഎമാർ ആവശ്യപ്പെടുന്നത്.
പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ബിജെപി എംഎൽഎ ഫ്രാൻസിസ് ഡിസൂസയുടെ നിര്യാണത്തോടെ 40 അംഗ ഗോവ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 13 ആയി. ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി ശനിയാഴ്ച കോണ്‍ഗ്രസ് ഗോവ ഗവർണർ മൃദുല സിൻഹയ്ക്കു കത്തെഴുതിയിരുന്നു.
നേരത്തെ, കോണ്‍ഗ്രസ് എംഎൽഎയായ ദിഗംബർ കാമത്തിനെ പാർട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാൻ ബിജെപി നീക്കം നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും താൻ കോണ്‍ഗ്രസിനൊപ്പമാണെന്നും കാമത്ത് വ്യക്തമാക്കിയിരുന്നു.