കേപ് ടൗൺ : ടെസ്റ്റ്പരമ്പരയിലെ മോശം പ്രകടനത്തിന് പ്രായശ്ചിത്തമായി ഏകദിനത്തിൽ ഗംഭീര പ്രകടനം നടത്തിയ ഇന്ത്യ ഇന്ന് മൂന്നാം ഏകദിനത്തിന് ഇറങ്ങും. കേപ്ടൗണിലാണ് ദക്ഷിണാഫ്രിക്കയുമായുള്ള മത്സരം. ആദ്യ രണ്ടു കളിയിൽ ആതിഥേയരെ ബഹുദൂരം പിറകിലാക്കിയ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും. ഇന്ന് മത്സരം ജയിച്ചാൽ ഏകദിന റാങ്കിങ്ങിൽ ഒന്നാംസ്ഥാനം ഉറപ്പിക്കാനും ഇന്ത്യക്ക് സാധിക്കും. മറുവശത്ത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് അടക്കം സുപ്രധാന താരങ്ങൾക്ക് പരിക്കേറ്റ് വലയുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിലെ സാധ്യതകൾ നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്.
ഏകദിനത്തിൽ ഇതുവരെ ജയമറിയാതിരുന്ന ഡർബനിൽ ആറു വിക്കറ്റിനും സെഞ്ചുറിയനിൽ ഒമ്പതുവിക്കറ്റിനുമാണ് ഇന്ത്യ ജയംകുറിച്ചത്. രണ്ടു കളിയിലും ആധികാരികമായിരുന്നു പ്രകടനം. ദക്ഷിണാഫ്രിക്കയാകട്ടെ മികവിന്റെ അടുത്തെങ്ങുമെത്താതെ ഉഴറുകയും ചെയ്തു. ഇന്നും തിരിച്ചുവരവിന് സാധ്യത കുറവാണ് ആതിഥേയർക്ക്. പരിക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാകുന്നത്.
ദീർഘനാളത്തെ വിശ്രമത്തിനുശേഷം ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് തിരിച്ചെത്തിയതായിരുന്നു എ ബി ഡി വില്ലിയേഴ്സ്. ടെസ്റ്റിൽ മികവുകാട്ടിയെങ്കിലും ഏകദിനം തുടങ്ങുന്നതിനുമുമ്പേ പരിക്കേറ്റ് പിന്മാറേണ്ടിവന്നു ഈ മുൻ ക്യാപ്റ്റന്. ഒന്നാം ഏകദിനത്തിനുശേഷം നിലവിലെ ക്യാപ്റ്റൻ ഡു പ്ലെസിസും പുറത്തായി. തൊട്ടുപിന്നാലെയാണ് ക്വിന്റൺ ഡി കോക്കും വിശ്രമത്തിലായത്. രണ്ടാം ഏകദിനത്തിലാണ് ഡി കോക്കിന് ഇടതുകൈക്കുഴയ്ക്ക് പരിക്കേറ്റത്. നേരത്തെ ടീമിലെത്തിയ ഹെൻറിക് ക്ലാസെൻ ഡി കോക്കിന് പകരം ഇന്നിറങ്ങിയേക്കും. ദക്ഷിണാഫ്രിക്കൻ ആഭ്യന്തര ഏകദിന ടൂർണമെന്റിലെ മികച്ച റൺവേട്ടക്കാരനാണ് ക്ലാസെൻ. ഹാഷിം അംലയ്ക്കൊപ്പം ക്ലാസെൻ ഇന്നിങ്സ് തുടങ്ങിയേക്കും.
ബാറ്റിങ്ങിൽ മറ്റൊരു മാറ്റത്തിനുകൂടി ആതിഥേയർ തുനിഞ്ഞേക്കും. സെഞ്ചുറിയനിലെ അരങ്ങേറ്റത്തിൽ മങ്ങിയ ഖയേലിലോ സോണ്ടോയ്ക്ക് പകരം പരിചയസമ്പന്നനായ ഫെറാൻ ബെഹാർദീനെ പരിഗണിച്ചേക്കും. ക്ലാസെനും ബെഹാർദീനും ഇന്ത്യയുടെ സ്പിൻ ആക്രമണത്തിന് മറുപടി നൽകുമെന്നാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.
ഇന്ത്യൻ ക്യാമ്പ് ശാന്തമാണ്. ആദ്യ രണ്ടു കളി ജയിച്ച രീതി കുറച്ചൊന്നുമല്ല ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയത്. 1992‐93ലെയും 2010‐11ലെയും പോലെ 2‐0ന് ലീഡെടുത്തശേഷം പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യ കരുതിയിരിക്കും. 2‐0ന് മുന്നിലെത്തിയശേഷം 1993ൽ 3‐2നും 2011ൽ 5‐2നുമാണ് പരമ്പര ഇന്ത്യക്ക് നഷ്ടമായത്. എന്നാൽ നിലവിലെ മികവിൽ വിരുന്നുകാർക്ക് ആശങ്കയുണ്ടാകാൻ ഇടയില്ല. പ്രകടനം സ്ഥിരമാണ് ഇന്ത്യയുടേത്. എതിർക്യാമ്പിലെ പരിക്കിന്റെ പ്രശ്നങ്ങളും ഇന്ത്യക്ക് അനുകൂലമാണ്.
ആദ്യമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ മൂന്നു കളി തുടരെ ജയിച്ച ക്യാപ്റ്റനെന്ന പേര് നേടാനുള്ള അവസരംകൂടിയാണ് കോഹ്ലിക്കിത്. അതുകൊണ്ട് ഒന്നും രണ്ടും ഏകദിനങ്ങളിലെ ടീമിൽ മാറ്റംവരുത്താൻ ഇന്ത്യൻ ക്യാപ്റ്റൻ തുനിയില്ല. രണ്ടാം ഏകദിനം ജയിച്ച് ഒന്നാം റാങ്കിലെത്തിയിരുന്നു ഇന്ത്യ. ഇന്നത്തെ കളി തോറ്റാൽ വീണ്ടും രണ്ടാംപടിയിലേക്ക് വീഴും. ഇത് ഒഴിവാക്കാൻകൂടി ഇന്ത്യ സർവസന്നാഹവും ഇന്ന് ജയത്തിനുവേണ്ടി ഒരുക്കിവയ്ക്കും.