കൊല്‍ക്കത്ത: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ റാലിക്ക് ശേഷം കൊല്‍ക്കത്ത നഗരത്തില്‍ കലാപം അഴിച്ചുവിട്ടത് ബി.ജെ.പി പ്രവര്‍ത്തകരായിരുന്നുവെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ റാലിക്ക് മുമ്പെ നടത്തിയിരുന്നുവെന്നും വെളിപ്പെടുത്തൽ. അക്രമം ബി.ജെ.പി ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച വിഡിയോകളിൽ ഇതുസംബന്ധിച്ച വ്യക്തമായ തെളിവാണുള്ളത്.ഇതിൽ ഏറ്റവും ശ്രദ്ധേയം ബംഗാളിലെ ബി.ജെ.പി നേതാവ് രാകേഷ് സിങ് നടത്തുന്ന ആഹ്വാനമാണ്.
24 ക്രിമിനല്‍ കേസുകളിൽ പ്രതിയായ രാകേഷ് സിങ്, അമിത് ഷായുടെ റാലിക്കായി വാട്ട്സ് ആപ് ഗ്രൂപ്പുണ്ടാക്കി കലാപാഹ്വാനം നടത്തിയത് ബി.ജെ.പിയെ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ്. ‘നമ്മുടെ വാട്ട്സ് ആപ് ഗ്രൂപ്പിലെ എല്ലാവരും നാളെ എന്ത് വില കൊടുത്തും സംഘര്ഷത്തിനിറങ്ങണം’’ എന്ന് ആവശ്യപ്പെട്ടുള്ള വിഡിയോ അമിത് ഷായുടെ റാലിയുടെ തലേന്നാണ് രാകേഷ് സിങ് ഗ്രൂപ്പിലിട്ടത്. ‘‘അമിത് ഷാക്ക് നാളെ ഒരു പരിപാടിയുണ്ട്. റോഡ് ഷോ. നിങ്ങള്‍ക്ക് അതില്‍ പ്രധാന റോളാണുള്ളത്. പൊലീസിനെയും തൃണമൂല്‍ ഗുണ്ടകളെയും നേരിടാന്‍ എട്ടടി നീളമുള്ള ദണ്ഡുകളുമായി വരണം. നിങ്ങളെയൊക്കെ ഈ വാട്സ് ആപ് ഗ്രൂപ്പില്‍ ചേര്‍ത്തത് എന്തിനാണെന്നറിയാമല്ലോ. അല്ലെങ്കിൽ എല്ലാവരെയും പുറത്തിടും’’ -53 സെക്കൻഡ് വിഡിയോയിൽ രാകേഷ് സിങ് പറയുന്നു.ബി.ജെ.പി നടത്തിയ കലാപത്തിെൻറ ആസൂത്രണം പൊളിഞ്ഞതോടെ, വിഡിയോ തേൻറതാണെങ്കിലും ശബ്ദത്തിൽ കൃത്രിമം നടന്നിട്ടുണ്ട് എന്ന വിശദീകരണവുമായി രാകേഷ് സിങ്ങിനെ പാര്‍ട്ടി രംഗത്തിറക്കി. കൊടികെട്ടാനുള്ള വടികളുടെ കാര്യമാണ് പറഞ്ഞതെന്നാണ് രാകേഷിെൻറ ന്യായീകരണം.
അക്രമം അരങ്ങേറിയ വിദ്യാസാഗര്‍ കോളജിനോട് ചേര്‍ന്നു നില്ക്കുന്ന . ‘‘ബി.ജെ.പി പ്രവർത്തകരുടെ നിയന്ത്രണത്തിലുള്ള ആര്യസമാജ് മന്ദിറില്‍ ഞായറാഴ്ച പാര്‍ട്ടി പരിപാടിയുണ്ടായിരുന്നു. ശനിയാഴ്ചയും അതിന് മുമ്പത്തെ ബുധനാഴ്ചയും അവിടെ ആളുകളെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ചത്തേത് കൂടുതല്‍ ആളുകളെത്തിയ വലിയ പരിപാടിയായിരുന്നു. അക്രമം അരങ്ങേറുമ്പോള്‍ ‘ഇട്ടാ മാറാ ഇട്ടാ മാറാ’(ഇങ്ങോട്ടെറിയൂ, ഇങ്ങോട്ടെറിയൂ) എന്ന് അവിടെ നിന്ന് ആളുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അക്രമം അവിടെ നിന്ന് നിയന്ത്രിക്കുകയായിരുന്നു’’ -കലാപത്തിനു ദൃക്സാക്ഷിയായ ബിനോജ് വിവരിച്ചു. ചൊവ്വാഴ്ചത്തെ കലാപത്തിൽ പങ്കാളികളായവരില്‍ ഇവിടെ താമസിച്ചിരുന്നവരുമുണ്ടായിരുന്നുവെന്ന ബിനോജിന്റെ സാക്ഷ്യത്തെ പിന്തുണക്കുകയാണ്, അയാളുമായി സംസാരിക്കുമ്പോള്‍ ചുറ്റും കൂടിയവർ എല്ലാം.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതു കൊണ്ടാണ് വലിയ ദണ്ഡുകളുമായി അവർ റാലിക്ക് വന്നത്. കല്‍ക്കത്ത സര്‍വകലാശാലയില്‍ അവര്‍ അക്രമത്തിന് ശ്രമിച്ചു. അത് കഴിയാത്തതിെൻറ അരിശം ഇവിടെ തീര്‍ത്തു. ഇവിടെ സുരക്ഷക്ക് അധികം ആളുകളുമുണ്ടായിരുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ റോഡ് ഷോ നോക്കിനില്ക്കുകയായിരുന്നു തങ്ങളെന്ന് കൂട്ടത്തിലുണ്ടായിരുന്ന ചന്ദ്രദാസ് പറഞ്ഞു. അപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്. അതോടെ കോളജിനടുത്തേക്ക് ഓടിവന്നു. കല്‍ക്കത്ത സര്‍വകലാശാലക്ക് ഒരു കിലോമീറ്റര്‍ അകലെയാണ് വിദ്യാസാഗര്‍ കോളജ്. അമിത് ഷായുടെ റാലി കടന്നുപോയ കല്‍ക്കത്ത സര്‍വകലാശാലക്കു മുന്നിലും കരിങ്കൊടിയും അമിത് ഷാ ഗോബാക്ക് വിളികളുമുയര്ന്നുവെങ്കിലും അക്രമത്തിനൊരുങ്ങി വന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ശക്തമായ പൊലീസ് സന്നാഹം ഭേദിക്കാനായിരുന്നില്ല. എന്നാല്‍, ഈവനിങ് ബാച്ചുള്ള വിദ്യാസാഗര്‍ കോളജിന് മുന്നില്‍ പോലീസ് കാര്യമായ ബന്തവസ് ഒരുക്കിയിരുന്നില്ല.
തൃണമൂലിെൻറയും ഇടതു പാര്‍ട്ടികളുടെയും വിദ്യാര്‍ഥി സംഘടനകള്‍ക്ക് സ്വാധീനമുള്ള കോളജിനകത്തു നിന്ന് കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്നെന്നപോലെ അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യങ്ങളും കരിങ്കൊടികളുമുയര്ന്നു. ഇതു കേട്ട് പ്രകടനക്കാരില് ചിലര്‍ തങ്ങളുടെ കൈകളിലുള്ള വെള്ളക്കുപ്പികള്‍ വിദ്യാര്‍ഥികള്‍ക്കു നേരെ എറിഞ്ഞു. അവ പിടിച്ചെടുത്ത് വിദ്യാര്‍ഥികള്‍ അവ തിരിച്ചും എറിഞ്ഞു. അതോടെ കല്ലുകളും ഇഷ്ടികകളുമായി ഏറ് തുടര്‍ന്നു. ഗേറ്റുകളുടെ താഴുകള്‍ തകര്‍ത്ത് ഗേറ്റ് തുറന്ന് അതിക്രമിച്ചു കടന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് ഓഫിസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് ആ സമയത്ത് ഓഫിസിനകത്തുണ്ടായിരുന്ന കോളജ് കെയര്‍ടേക്കര്‍ ശാന്തി രഞ്ജന്‍ മൊഹന്തി പറഞ്ഞു.
പൂട്ടുകൾ തകര്‍ത്ത് ഗേറ്റ് തള്ളിത്തുറന്ന് കോളജിനകത്തേക്ക് വന്നതിലധികവും കാവിവേഷമണിഞ്ഞവരായിരുന്നു. ഇവരാണ് ഓഫിസിനകത്ത് ചില്ലുകൂട്ടിലാക്കി വെച്ചിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിെൻറ അര്‍ധകായ പ്രതിമ തകര്‍ത്തത്. കണ്ണാടിക്കൂട് തല്ലിപ്പൊട്ടിച്ച ശേഷം പ്രതിമയുംകൊണ്ട് കോളജിന് പുറത്തു കടന്ന് വരാന്തയില്‍ അത് എറിഞ്ഞുടച്ചുവെന്ന് മൊഹന്തി പറഞ്ഞു. ഓഫിസും അടിച്ചുതകര്‍ത്തു. അക്രമികള്ക്കിടയില്പ്പെട്ട ഒരു അധ്യാപകനെ താന്‍ മറഞ്ഞു നിന്നു. ഇതിനിടയില്‍ ഒരുകൂട്ടര്‍ പിറകുവശത്തേക്കു പോയി ബൈക്കുകളും സൈക്കിളുകളുമെടുത്ത് കോളജിന് മുന്നില്‍ കൊണ്ടുവന്ന് തീയിട്ടുവെന്നും ശാന്തി രഞ്ജന്‍ മൊഹന്തി പറഞ്ഞു.