ന്യൂഡൽഹി: പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്രമോദി ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് അധ്യക്ഷൻ അമിത് ഷാക്കൊപ്പമാണ് മോദി ഒപ്പമെത്തിയത്. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മോദി തയ്യാറായില്ല. പാർട്ടി തലവൻ അമിത് ഷാ മറുപടി പറയുമെന്നും അദ്ദേഹം എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ചീഫ് ആണെന്നും പറഞ്ഞ് മോദി ചോദ്യത്തെ വഴി തിരിച്ചുവിട്ടു. പിന്നീടും മോദിയോട് ചോദിച്ച ചോദ്യങ്ങൾക്ക് അമിത് ഷാ തന്നെയാണ് മറുപടി പറഞ്ഞത്. .
മോദി സർക്കാറിൻെറ നേട്ടങ്ങളാണ് അമിത് ഷാ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത് . മോദി ഭരണം വീണ്ടും വരണമെന്ന് ജനം ആഗ്രഹിക്കുന്നതായി അമിത് ഷാ വ്യക്തമാക്കി
അമിത് ഷായുടെ വാർത്താ സമ്മേളനത്തിന് പിന്നാലെ മോദി സംസാരിച്ചു. രാജ്യത്ത് വീണ്ടും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഐ.പി.എൽ ടൂർണമെൻറ് രാജ്യത്ത് നടത്താൻ സാധിച്ചിരുന്നില്ല. സർക്കാറിന് കഴിവുണ്ടെങ്കിൽ തെരഞ്ഞെടുപ്പും ഐ.പി.എല്ലും ഒരേസമയം നടത്താൻ കഴിയും. റംസാന്‍, സ്കൂൾ പരീക്ഷ എന്നിവയും സമാധാനപരമായി നടക്കുന്നു. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത് അപൂർവമായി സംഭവിക്കുന്നതാണ്. രാജ്യത്ത് വളരെക്കാലത്തിനുശേഷം ഇത് വരികയാണ്. രണ്ടാം തവണയും ഞങ്ങളുടെ ഗവൺമെൻറ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും- മോദി പറഞ്ഞു.
മോദി വാർത്താ സമ്മേളനം വിളിച്ച അതേസമയം തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും വാർത്താ സമ്മേളനത്തിനെത്തി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയാത്ത 120 ലോക്സഭാ സീറ്റുകളിൽ വിജയിക്കലായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കി. ഇത്തവണ മികച്ച ഫലം ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ‘ഫിർ ഏക് ബാർ മോദി സർകാർ’ എന്ന മുദ്രാവാക്യം ജനങ്ങളിൽ നിന്ന് ഉയർന്നുവന്നതാണ്. മോദി സർക്കാർ അധികാരം നിലനിർത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. വലിയൊരു ഭൂരിപക്ഷത്തോടെ ഞങ്ങൾ അധികാരത്തിലെത്തുമെന്നും അമിത് പറഞ്ഞു.