ന്യൂദൽഹി: 2016-17 വർഷത്തെ ദേശീയ പാർട്ടികളുടെ വരവ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശത്തോട് ബിജെപിയും കോൺഗ്രസും മുഖം തിരിക്കുന്നു. സിപിഎം, സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ്, ബിഎസ്പി എന്നീ ദേശീയ കക്ഷികൾ വരുമാന കണക്ക് നൽകിയപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും ഇതുവരെ കണക്ക് നൽകിയിട്ടില്ലെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് വെളിവാക്കി. 2017 ഒക്ടോബർ 30നായിരുന്നു ഓഡിറ്റ് ചെയ്ത വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന ദിനം.
സിപിഎമ്മും ബിഎസ്പിയും തൃണമൂലും കൃത്യം തീയതിയിൽ തന്നെ കണക്കുകൾ സമർപ്പിച്ചപ്പോൾ സിപിഐ 22 ദിവസം വൈകിയാണ് കണക്കുകൾ നൽകിയത്. എൻസിപിയാകട്ടെ വിവരങ്ങൾ കൈമാറാൻ 2018 ജനുവരി 19 വരെ കാത്തിരുന്നു. അന്ത്യശാസന തീയതി കഴിഞ്ഞ് മൂന്നു മാസമായിട്ടും ബിജെപിയും കോൺഗ്രസും കണക്കുകൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് ബിഎസ്പിക്കാണ്. 173.58 കോടി. രണ്ടാം സ്ഥാനത്ത് സിപിഎമ്മാണ്. 100.26 കോടി. അഞ്ച് പാർട്ടികളുടെയും വരുമാനത്തിന്റെ 57.95 ശതമാനം ബിഎസ്പി സ്വന്തമാക്കിയപ്പോൾ 33.46 ശതമാനം സിപിഎമ്മും നേടി. എൻസിപിക്ക് 17.235 കോടിയും തൃണമൂൽ കോൺഗ്രസിന് 6.39 കോടിയും സിപിഐക്ക് 2.079 കോടിയുമാണ് വരുമാനം ലഭിച്ചത്.
ഏറ്റവും കൂടുതൽ വരുമാനം ലഭിച്ച ബിഎസ്പി 30 ശതമാനം മാത്രമാണ് അതിൽനിന്നും ചെലവഴിച്ചത്. സിപിഎം 94 ശതമാനവും വരുമാനത്തിൽനിന്നും ചെലവിട്ടു. തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ച വരുമാനത്തേക്കാൾ 280 ശതമാനം അധികമാണ് ചെലവിട്ടത്. (അതായത് 24.967 കോടി). യുപിയിൽ തിരിച്ചടി നേരിട്ടെങ്കിലും 2015-16, 2016-17 വർഷങ്ങളിൽ ബിഎസ്പിയുടെ വരുമാനം 266.32 ശതമാനം കണ്ട് ഉയർന്നു. എൻസിപിയുടെ വരുമാനം 88.63 ശതമാനവും ഉയർന്നപ്പോൾ സിപിഎമ്മിന് 6.72 ശതമാനവും തൃണമൂലിന് 81.52 ശതമാനവും വരുമാന നഷ്ടവും ഉണ്ടായി.