by ഒ.എ. സുല്‍ഫിക്കര്‍
നിങ്ങൾ നിർലജ്ജം കള്ളം പറയുന്നുവെന്ന് മോദി സർക്കാരിന്റെ മുഖത്ത് നോക്കി പറയുക… ജനാധിപത്യത്തെ കൂട്ടക്കശാപ്പ് ചെയ്യാൻ കൂട്ടുനിൽക്കില്ല എന്ന് ഉറച്ചു പറഞ്ഞുകൊണ്ട് വിധിന്യായത്തിൽ ഒപ്പുവെക്കുക… അധികാരമുള്ളവന്റെ മുന്നിൽ മുട്ടിൽ ഇഴയാൻ തയ്യാറല്ലാത്ത ഒരു ന്യായാധിപൻ പരമോന്നത നീതിപീഠത്തിൽ വേണ്ടായെന്ന് വെക്കാൻ ഒരു ഫാസിസ്റ്റ് സർക്കാരിന് ഇതിൽപരം എന്ത് വേണം? സുപ്രീംകോടതി ജഡ്ജുമാരുടെ പട്ടികയിൽ നിന്നും മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫിനെ കേന്ദ്രസർക്കാർ നിരന്തരം വെട്ടിമാറ്റുമ്പോൾ മോദി സർക്കാരിന്റെ ഭയം കൂടിയാണ് വെളിവാകുന്നത്.
ഇന്ത്യൻ ജനാധിപത്യം അപകടാവസ്ഥയിൽ ആണെന്ന ജസ്റ്റിസ് ചെലമേശ്വർ അടക്കമുള്ള നാല് സീനിയർ ജഡ്ജുമാരുടെ തുറന്നു പറച്ചിൽ അരക്കിട്ട് ഉറപ്പിക്കുന്ന സംഭവ വികാസങ്ങൾ ആണ് കേന്ദ്ര സർക്കാറിനും സുപ്രീംകോടതിക്കും ഇടയിൽ അരങ്ങേറുന്നത്. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് ആയ കെ.എം. ജോസഫ് സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെടുന്നത് കേന്ദ്ര സർക്കർ ഭയപ്പെടുന്നു. അതിനായി എല്ലാ കുത്സിത ശ്രമങ്ങളും സർക്കാർ നടത്തുന്നു. മറിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒഴികെയുള്ള കൊളീജിയം അംഗങ്ങൾ ആകട്ടെ കൊളീജിയം ശുപാർശ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ മറ്റൊരു ജഡ്ജിയെയും തൽക്കാലം സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് വരികയും ചെയ്യുന്നു. കൊളീജിയത്തിന്റെ കാലാവധി പൂർത്തിയാകുന്നതുവരെ മറ്റൊരു ജഡ്ജിയുടെയും പേര് സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്നാണ് കൊളീജിയത്തിന്റെ തീരുമാനമെന്ന് ഇവരുമായി അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ജെ ചെലമേശ്വർ, ജസ്റ്റിസ് കുര്യൻ ജോസഫ്, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തുടങ്ങിയവർ ഈ വർഷംതന്നെ വിരമിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിൽ ജഡ്ജിമാരുടെ ഒഴിവുകൾ വർധിക്കും. എന്നാൽ, സർക്കാരും കോടതിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം കാരണം പുതിയ ജഡ്ജിമാരെ നിയമിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടാകുക.
ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കണമെന്ന് കൊളീജിയം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ചീഫ് ജസ്റ്റിസിനെതിരെ പരസ്യപ്രതികരണം നടത്തിയ നാല് മുതിർന്ന ജഡ്ജിമാർ ഈ ആവശ്യം നിരവധിതവണ കൊളീജിയത്തിൽ ഉന്നയിച്ചു. നിയമനം വൈകിക്കുന്നതിൽ പ്രതിഷേധിച്ച് ജസ്റ്റിസ് ജെ ചെലമേശ്വർ വിയോജനക്കുറിപ്പും രേഖപ്പെടുത്തിയതാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ജസ്റ്റിസ് കെ എം ജോസഫ്, മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്ര എന്നിവരെ സുപ്രീംകോടതിയിലേക്ക് ഉയർത്താൻ ശുപാർശ ചെയ്തിട്ട് ഒരുമാസത്തിലേറെയായി. ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ വിജ്ഞാപനം റദ്ദാക്കിയ ജസ്റ്റിസ് കെ.എം. ജോസഫിനെ ഒരുകാരണവശാലും സുപ്രീംകോടതിയിലേക്ക് ഉയർത്താൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സീനിയോറിറ്റിയുടെയും പ്രാദേശിക പ്രാതിനിധ്യത്തിന്റെയും പേരു പറഞ്ഞ് ശുപാർശ അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർവാദം. ഇത് സംബന്ധിച്ച കൊളീജിയം ശുപാർശ നിയമമന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറാതെ മടക്കി അയക്കുകയും ചെയ്തു.
ശുപാർശ സർക്കാർ മടക്കി അയക്കുന്ന സാഹചര്യത്തിൽ അത് വീണ്ടും നിയമമന്ത്രാലയത്തിന് അയക്കാനാണ് കൊളീജിയം തീരുമാനം. കൊളീജിയം വീണ്ടും ശുപാർശചെയ്താൽ അത് തിരിച്ചയക്കാൻ സർക്കാരിന് നിയമപരമായ പരിമിതികളുണ്ട്. ശുപാർശ തിരിച്ചയക്കാതെ നിയമന ഉത്തരവ് നീട്ടുകയാണ് സർക്കാരിന്റെ മുന്നിലുള്ള മാർഗം. സുപ്രീംകോടതി ജഡ്ജസ് കൊളീജിയം ശുപാർശ ചെയ്ത ലിസ്റ്റിൽ നിന്നും ഇതുരണ്ടാം വട്ടമാണ് കേന്ദ്രസർക്കാർ ജസ്റ്റിസ് കെ.എം. ജോസഫിനെ വെട്ടിമാറ്റാൻ നോക്കുന്നത്. ജസ്റ്റിസ് ജോസഫ് അന്തർസംസ്ഥാന ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയിൽ നാല്പ്പാത്തിയഞ്ചാം സ്ഥാനത്താണെന്നും അദ്ദേഹത്തിന് മുകളിലുള്ള 12 പേരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണെന്നുമുള്ള വാദമാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്.
എന്നാൽ, ഹൈകോടതി ജഡ്ജിമാരുടെ സീനിയോറിറ്റി നോക്കിയല്ല സുപ്രീംകോടതി ജഡ്ജിമാരെ നിയമിച്ചിട്ടുള്ളത്. യോഗ്യതയുള്ളവരെ സിനിയോറിറ്റി മറികടന്ന് നിയമിക്കാമെന്നതാണ് ചട്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തിരിച്ചടിയായ വിധിയിലൂടെ ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കി വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ജോസഫ് സുപ്രീംകോടതി ജഡ്ജി ആകാതിരിക്കാൻ മോദിസർക്കാർ സമ്മർദം ചെലുത്തിയിട്ടുണ്ട്. ജസ്റ്റിസ് ജോസഫിന്റെ പേര് മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ കൊളീജിയം യോഗശേഷം വെട്ടിമാറ്റിയത് വിവാദമായിരുന്നു. ജസ്റ്റിസ് കെ.എം. ജോസഫ് അടക്കം അഞ്ച് ജഡ്ജിമാരുടെ പേര് ഒഴിവാക്കിയാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹൻ ശാന്തന ഗൗഡർ, കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുൽ നസീർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് നവീൻ സിൻഹ, ഛത്തിസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ സുപ്രീംകോടതി ശുപാർശ തയാറാക്കിയത്. ഇവരെല്ലാം ഇപ്പോൾ സുപ്രീംകോടതി ജഡ്ജിമാരാണ്.
സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി കൊളീജിയം നടപടിക്കെതിരെ അംഗമായ ജസ്റ്റിസ് ചെലമേശ്വർ വിയോജനക്കുറിപ്പ് രേഖാമൂലം അയച്ചുകൊടുക്കുകയും ചെയ്തു. ഗൗരവതരമായ വിമർശനം അടങ്ങുന്നതായിരുന്നു വിയോജനക്കുറിപ്പ്. മുൻ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കൊളീജിയം ശുപാർശ ചെയ്ത യോഗ്യതയും പ്രാപ്തിയുമുള്ളവരെ ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ചെലമേശ്വർ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്രയും വിശിഷ്ടനായ ഒരു ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാതിരിക്കുകവഴി അനാരോഗ്യകരമായ കീഴ്‌വഴക്കത്തിനാണ് സുപ്രീംകോടതി കൊളീജിയം തുടക്കമിടുന്നതെന്നും അന്ന് ജസ്റ്റിസ് ചെലമേശ്വർ മുന്നറിയിപ്പ് നൽകിയത്.
കേന്ദ്ര സർക്കാർ നിർലജ്ജം കള്ളം പറഞ്ഞുവെന്നും സുപ്രീംകോടതി നിഷ്‌കർഷിച്ച നിയമത്തിന് വിരുദ്ധമായാണ് രാഷ്ട്രപതിഭരണത്തിനുള്ള ഭരണഘടനയുടെ 356-ാം അനുച്ഛേദം കേന്ദ്ര സർക്കാർ ഉത്തരാഖണ്ഡിൽ പ്രയോഗിച്ചതെന്നും വിമർശിച്ചാണ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയതാണ് മോദി സർക്കായരിന്റെ കണ്ണിലെ കരട്. മോദി സർക്കാരിനെതിരായ വിധിയെത്തുടർന്ന് കഴിഞ്ഞവർഷം കൊളീജിയം ജസ്റ്റിസ് ജോസഫിനെ സ്ഥലം മാറ്റിയെങ്കിലും അതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയില്ല. ഇതേതുടർന്നാണ് ജസ്റ്റിസ് ജോസഫ് ഉത്തരാഖണ്ഡിൽതന്നെ തുടർന്നത്. അതിനുശേഷമാണ് ഒക്ടോബറിൽ കൊളീജിയം ഇദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയാക്കാൻ ശുപാർശ ചെയ്തത്. അന്ന് മുതൽ കൊളീജിയത്തിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങൾ ആണ് മോദി സർക്കാർ നടത്തിയത്. ഇത്തരം വഴിവിട്ട നീക്കങ്ങളാണ് സീനിയർ ജഡ്ജുമാരുടെ ചരിത്രത്തിൽ ഇടംപിടിച്ച തുറന്നു പറച്ചിലിന് വഴി വെച്ചതും.