കൊല്‍ക്കത്ത: ബിജെപിക്കാര്‍ തകര്‍ത്ത ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ഒരുമാസത്തിനുള്ളില്‍ തിരികെ സ്ഥാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വാക്കുപാലിച്ചു . ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പുതിയ അര്‍ധകായ പ്രതിമ അനാച്ഛാദനം ചെയ്തു. കോളേജ് സ്ട്രീറ്റിലെ ഹാരെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് അനാച്ഛാദന ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ-സിനിമാ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പുതുതായി നിര്‍മിച്ച പ്രതിമ, ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം വിദ്യാസാഗര്‍ കോളേജില്‍ പഴയ പ്രതിമയുണ്ടായിരുന്നിടത്തു തന്നെ സ്ഥാപിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മേയ് പതിനാലിന് അമിത് ഷായുടെ റോഡ് ഷോ കടന്നുപോയതിന് പിന്നാലെയുണ്ടായ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തിനിടയിലാണ് വിദ്യാസാഗര്‍ കോളേജില്‍ സ്ഥാപിച്ചിരുന്ന വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പുതിയ പ്രതിമ എത്രയും വേഗം നിര്‍മിക്കുമെന്ന് സംഭവം നടന്നതിനു തൊട്ടുപിന്നാലെ മമതാ ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സമാനമായ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തി. എന്നാല്‍ പ്രധാനമന്ത്രിയുടെ വാഗ്ദാനം മമത തള്ളിക്കളഞ്ഞിരുന്നു.