ഭോപാൽ : ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയ്ക്കു കൂടി മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകിക്കൊണ്ട് മധ്യപ്രദേശ് മന്ത്രിസഭ ബജറ്റ് സമ്മേളനത്തിനു ശേഷം അഴിച്ചുപണിയുമെന്നു സൂചന. ഒന്നോ രണ്ടോ സ്വതന്ത്ര അംഗങ്ങളെക്കൂടി മന്ത്രിമാരാക്കിയേക്കും. സ്വതന്ത്രനായി ജയിച്ച പ്രദീപ് ജയ്‌സ്വാൾ ഇപ്പോൾത്തന്നെ മന്ത്രിയാണ്. ബിജെപിയുടെ അട്ടിമറി ശ്രമങ്ങള്‍ക്ക് ഇടയിലാണ് മന്ത്രിസഭ ശക്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ് നീക്കം.
ജൂലൈ 8 മുതൽ 26 വരെയാണ് ബജറ്റ് സമ്മേളനം. ഇതിനുശേഷം മാത്രമേ മന്ത്രിസഭാ അഴിച്ചുപണി ഉണ്ടാകുകയുള്ളുവെന്ന് കോൺഗ്രസിന്റെ മീഡിയ സെല്ലിന്റെ ചുമതലയുള്ള ശോഭ ഓജ പറഞ്ഞു. ബഹുജൻ സമാജ് പാർട്ടിക്ക് (ബിഎസ്പി) 2 എംഎൽഎമാരാണുള്ളത്; സമാജ്‌വാദി പാർട്ടിക്ക് (എസ്പി) ഒരാളും.ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിക്കു വൻ തോൽവി ഉണ്ടായപ്പോൾ തന്നെ മന്ത്രിസഭാ വികസനത്തെപ്പറ്റി കിംവദന്തികളുണ്ടായിരുന്നു. 15 വർഷത്തിനു ശേഷം 2018 ഡിസംബറിൽ മധ്യപ്രദേശിൽ അധികാരത്തിൽ വന്ന കോൺഗ്രസിന് നിയമസഭയിൽ കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. തുടർന്നു 4 സ്വതന്ത്രന്മാർ, 2 ബിഎസ്പി, ഒരു എസ്പി എംഎൽഎമാർ എന്നിവർ പിന്തുണ നൽകി. ഈ സാഹചര്യത്തിലാണ് ഇവരെക്കൂടി മന്ത്രിസഭയിലെടുത്തു സർക്കാരിന്റെ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമം.