പനാജി: പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതതില്‍ ആശങ്ക പ്രകടിപ്പിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. ഗോവയിലെ നിയമവകുപ്പ് സംഘടിപ്പിച്ച സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് പരീക്കര്‍ ആശങ്ക പ്രകടിപ്പിച്ചത്.
ഞാന്‍ ഭയന്നുതുടങ്ങിയിരിക്കുന്നു. കാരണം പെണ്‍കുട്ടികള്‍ പോലും ബീയര്‍ കുടിച്ചു തുടങ്ങിയിട്ടുണ്ട്. സഹിഷ്ണുതയുടെ അതിര് കടന്നിരിക്കുന്നു. ഞാന്‍ എല്ലാവരെയും കുറിച്ചല്ല പറയുന്നത്. ഞാന്‍ ഇവിടെ ഇരിക്കുന്നവരെകുറിച്ചല്ല പറയുന്നത്- പരീക്കര്‍ പറയുന്നു.
അധ്വാന ശീലരല്ല ഗോവയിലെ ചെറുപ്പക്കാര്‍ എന്ന് പരീക്കര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഭരണസംവിധാനത്തിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കിന്റെ ജോലിക്കായി പോലും യുവാക്കളുടെ നീണ്ട നിര കാണുന്നത് ഇതിന്റെ തെളിവാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ മയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരായ സര്‍ക്കാര്‍ പോരാട്ടം തുടരുകയാണെന്നും ലഹരിമരുന്നുകള്‍ കണ്ണില്‍നിന്നു മറയുന്നതുവരെ അത് തുടരുമെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ലഹരിമരുന്ന് പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ലെന്നും കോളജുകളില്‍ ഇത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും താന്‍ കരുതുന്നില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.