11 °c
San Francisco

മുൻ കൊച്ചി മേയർ കെ കെ സോമസുന്ദരപ്പണിക്കർ അന്തരിച്ചു, സംസ്ക്കാരം ഇന്ന് ഇടപ്പള്ളിയില്‍

കൊച്ചി: മുൻ കൊച്ചി മേയർ കെ കെ സോമസുന്ദരപ്പണിക്കർ നിര്യാതനായി. 82 വയസായിരുന്നു. കൊച്ചി ഇടപ്പള്ളിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഇടപ്പള്ളിയിലെ ശ്മശാനത്തിൽ വച്ച് നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.  1992-93, 1995-2000 എന്നീ വർഷങ്ങളിൽ കൊച്ചി മേയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽകാലം കൊച്ചി മേയറായിരുന്ന ആളാണ് കെ കെ സോമസുന്ദരപ്പണിക്കർ.

നഗരവികസനത്തിൽ ദീർഘവീക്ഷണത്തോടെ ഇടപെട്ട ജനകീയ മേയറായിരുന്നു കെ കെ സോമസുന്ദരപ്പണിക്കർ. മാലിന്യസംസ‌്കരണം, റോഡ‌് വികസനം, കനാൽ നവീകരണം തുടങ്ങി നഗരവികസനത്തിൽ നാഴികക്കല്ലായ നിരവധി പദ്ധതികൾ പിച്ചവച്ചത‌് മേയറായിരുന്ന സോമസുന്ദരപ്പണിക്കരുടെ കൈപിടിച്ചാണ‌്. രണ്ടുതവണയായി ഏഴുവർഷം കൊച്ചിയുടെ മേയറായിരുന്നു. നഗരപാലികാ നിയമം നിലവിൽവന്നശേഷം അഞ്ചുവർഷം പദവി വഹിച്ച ആദ്യമേയറാണ‌്. 1995–-2000 കാലയളവിലായിരുന്നു ഇത‌്.

1979 മുതൽ തുടർച്ചയായി 21 വർഷം കൗൺസിലറായിരുന്നു. 49–-ാം ഡിവിഷനിൽനിന്നാണ‌് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത‌്. പിന്നീട‌് 50, 34, വീണ്ടും 49 ഡിവിഷനുകളെ പ്രതിനിധീകരിച്ചു. സഹോദരൻ അയ്യപ്പൻ റോഡിന‌് വീതികൂട്ടാൻ കഴിഞ്ഞത‌് അദ്ദേഹത്തിന്റെ  കാലത്താണ്.  റോഡ‌ുപണിക്ക‌് ആവശ്യമായ ഫണ്ട‌് പ്രശ‌്നമായപ്പോൾ മേയേഴ‌്സ‌് വികസന ഫണ്ട‌് രൂപീകരിച്ചു. ബാക്കി നഗരസഭയുടെ ഫണ്ടിൽനിന്ന‌് ലഭ്യമാക്കിയാണ‌് എസ‌്എ റോഡ‌് വികസിപ്പിച്ചത‌്. കലൂർ–കടവന്ത്ര റോഡ‌് ജിസിഡിഎ പൂർത്തിയാക്കിയതും സോമസുന്ദരപ്പണിക്കർ മേയറായിരുന്ന നഗരസഭാ കൗൺസിലിന്റെ സഹകരണത്തോടെയാണ‌്.

മാലിന്യസംസ‌്കരണം നഗരത്തിൽ ചോദ്യചിഹ്നമായി നിന്ന കാലത്ത‌് നഗരസഭ പദ്ധതി വിഭാവനംചെയ‌്തതും ഭൂമി ഏറ്റെടുത്തതും അദ്ദേഹത്തിന്റെ കാലത്താണ‌്. ബ്രഹ‌്മപുരത്തും ചേരാനല്ലൂരും ഭൂമി ഏറ്റെടുത്തു. ബ്രഹ‌്മപുരത്ത‌് 37 ഏക്കറും ചേരാനല്ലൂരിൽ 14 ഏക്കറും ഭൂമിയാണ‌് അന്ന‌് ഏറ്റെടുത്തത‌്. ബ്രഹ‌്മപുരത്ത‌് മാലിന്യസംസ‌്കരണ പ്ലാന്റിന്റെയും ചേരാനല്ലൂരിൽ ജൈവവള നിർമാണ യൂണിറ്റിന്റെയും ടെൻഡർ നടപടിവരെ എത്തിക്കാനും കഴിഞ്ഞു. വീടുകളിൽനിന്ന‌് മാലിന്യം ശേഖരിക്കാൻ ബക്കറ്റുകൾ സ്ഥാപിച്ചതും റസിഡൻസ‌് അസോസിയേഷനുകൾക്ക‌് മുച്ചക്ര സൈക്കിൾ നൽകിയതും 1995–-2000 കൗൺസിലിന്റെ കാലത്താണ‌്.  ഇടപ്പള്ളിയിൽ മേഖലാ ഓഫീസ‌് ഇരിക്കുന്ന ഭൂമി വിലകൊടുത്തു വാങ്ങിയതുൾപ്പെടെ നഗരസഭയുടെ ആസ‌്തി വർധിപ്പിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന‌് കഴിഞ്ഞു. ഇടപ്പള്ളിയിൽ 1950കളിൽ നവയുഗം എന്ന പേരിൽ വായനശാല ആരംഭിക്കാൻ മുൻകൈയെടുത്തു. ഇടക്കാലത്ത‌് നിശ‌്ചലമായ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കി ചങ്ങമ്പുഴ ലൈബ്രറിയാക്കി മാറ്റിയതിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട‌്.

 

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.