ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത് 20,399 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അസോസിയേറ്റ് ബാങ്കുകള്‍ എസ്.ബി.ഐയില്‍ ലയിക്കുന്നതിന മുമ്പുള്ള കണക്കാണിത്. രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഈ കാലയളവില്‍ ഒട്ടാകെ 81,683 കോടി രൂപയാണ് എഴുതിത്തള്ളിയത്.
സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം 2012-13 സാമ്പത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ മൊത്തം എഴുതിത്തള്ളിയത്. അഞ്ചുവര്‍ഷംകൊണ്ട് അഞ്ചിരട്ടിവര്‍ധനയാണ് ഈകണക്കില്‍ ഉണ്ടായത്. 2013-14 വര്‍ഷത്തില്‍ 34,409 കോടി രൂപയും 2014-15ല്‍ 49,018 കോടിയും 2015-16ല്‍ 57,585 കോടിയുമാണ് എഴിതിത്തള്ളിയത്. മാര്‍ച്ച് 2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഇത് 81,683 കോടിയായി.
2017ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ പിഎന്‍ബി 9,205 കോടിയുടെ വായ്പയാണ് എഴുതിത്തള്ളിയത്. ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടിയും കാനാറ ബാങ്ക് 5,545 കോടിയും ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപയും വേണ്ടെന്നുവെച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍വരെ പൊതുമേഖല ബാങ്കുകള്‍ മൊത്തം 53,625 കോടി രൂപയാണ് എഴുതിത്തള്ളിയത്.