ക്ഷേമ പദ്ധതികളില്‍ നിന്നും ഒന്നൊന്നായി പിന്‍വലിയുന്ന കേന്ദ്ര സര്‍ക്കാര്‍ അങ്കണവാടികളെയും കയ്യൊഴിയുന്നു.അങ്കണവാടികള്‍ വഴി കുട്ടികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി നടപ്പാക്കുന്ന സംയോജിത ശിശുവികസന പദ്ധതിയില്‍നിന്ന് പിന്‍വാങ്ങുന്നുന്നതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വീസ് (ഐസിഡിഎസ്) ബ്‌ളോക്കുകള്‍ വഴി നടപ്പാക്കുന്ന പദ്ധതിക്കുള്ള വിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചു. കാലക്രമേണ പദ്ധതി നടത്തിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംസ്ഥാന സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര നീക്കം.
1975ല്‍ നൂറുശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതിയായാണ് ഐസിഡിഎസ് രൂപീകൃതമാവുന്നത്. ആറു മാസംമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികളുടെ പോഷകാഹാരം, പരിപാലനം, മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യസംരക്ഷണം എന്നിവയായിരുന്നു അങ്കണവാടികളുടെ പ്രഥമ ചുമതല. ഇതിനുപുറമേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മറ്റ് പദ്ധതികളുടെ നിര്‍വഹണത്തിനും അങ്കണവാടികളെ ഉപയോഗിക്കുന്നുണ്ട്. ഏതാനും വര്‍ഷത്തിനുശേഷം പത്തു ശതമാനം വിഹിതം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കേന്ദ്രം ഉത്തരവിറക്കി. ഐസിഡിഎസ് പുനഃസംഘടനയുടെ ഭാഗമായി 2012ലെ രണ്ടാം യുപിഎ സര്‍ക്കാര്‍, 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമെന്ന നിലയില്‍ അനുപാതം പുനര്‍നിര്‍ണയിച്ചു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14-ാം ധനകാര്യ കമീഷന്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിച്ചുവെന്ന പേരില്‍ കേന്ദ്രം വീണ്ടും വിഹിതം വെട്ടിക്കുറച്ചു. 60:40 എന്ന അനുപാതം നിര്‍ണയിച്ചു. ആസൂത്രണ കമീഷന്‍ സംവിധാനമുണ്ടായിരുന്ന കാലത്ത് പഞ്ചവത്സര പദ്ധതിയായാണ് ഐസിഡിഎസ് പദ്ധതിക്ക് അനുമതി നല്‍കിയിരുന്നത്. നിതി ആയോഗ് നിലവില്‍ വന്നശേഷം ഓരോ വര്‍ഷവും പദ്ധതിക്ക് അനുമതിയും വിഹിതവും നല്‍കുന്ന രീതിയാണ് തുടരുന്നത്.
കഴിഞ്ഞ നവംബര്‍ 23ന് വന്ന ഉത്തരവിലാണ് കേന്ദ്രവിഹിതം വീണ്ടും വെട്ടിക്കുറച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ നൂറു ശതമാനം വിഹിതവും കേന്ദ്രം നല്‍കും. മൂന്ന് ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും 90 ശതമാനമാണ് കേന്ദ്രവിഹിതം. കേരളമുള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്രവിഹിതം നിലവിലുള്ള 60 ശതമാനത്തില്‍നിന്ന് 25 ശതമാനമായാണ് വെട്ടിക്കുറച്ചത്. പദ്ധതി കാലാവധി ഡിസംബര്‍ ഒന്നുമുതല്‍ 2018 നവംബര്‍ 30 വരെ നീട്ടിയതായും ഉത്തരവില്‍ പറയുന്നു. ദിവസം ഒരു കുട്ടിക്ക് എട്ട് രൂപയും ഗുരുതരപോഷകാഹാരക്കുറവുള്ള കുട്ടിക്ക് 12 രൂപയും മുലയൂട്ടുന്ന അമ്മയ്ക്ക് 9.50 രൂപയുമാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന നിരക്ക്. രാജ്യത്ത് 7076 ഐസിഡിഎസ് പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നു. 13.19 ലക്ഷം അങ്കണവാടികളിലൂടെ 14 ലക്ഷം ജനവാസ കേന്ദ്രങ്ങള്‍ പദ്ധതിയുടെ പരിധിയില്‍ വരുന്നുണ്ട്.