കൊച്ചി: ഒറ്റ കണ്ണിറക്കല്‍കൊണ്ട് പ്രിയ വാര്യര്‍ അലിയിച്ചത് ലോകമെമ്പാടുമുള്ള യുവ ഹൃദയങ്ങളെയാണ്. അവളുടെ നോട്ടം അയല്‍രാജ്യത്തെ യുവാക്കളെപ്പോലും കീഴടക്കി. മാണിക്യമലരായ പൂവിന്ന് ലോകമെമ്പാടും വിരിയുകയാണ്. ‘അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും’ എന്ന് പറഞ്ഞ് പാകിസ്ഥാനി ഫേസ്ബുക്ക് പേജ് പരിചയപ്പെടുത്തിയ മലയാളി പ്രിയ വാര്യറാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമിലെ താരം.
കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയും യുവാക്കളുടെ മനസ് കീഴടക്കിയിരിക്കുകയാണ് പ്രിയ. പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.
ഒമര്‍ ലുലു കഥയെഴുതി സംവിധാനം ചെയ്യുന്ന പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന പുതിയ ചിത്രം ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ലൂടെഎന്ന ഗാനത്തിലൂടെയാണ് തൃശൂര്‍കാരിയായ പ്രിയാ വാര്യര്‍ താരമായിരിക്കുന്നത്.
ഗാനം റിലീസ് ചെയ്ത് ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് പ്രിയ നേടിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്.
പാക്കിസ്ഥാനി എന്റര്‍ടെയ്‌നേഴ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് പ്രിയയെ ഏറ്റെടുത്തത്. പ്രിയയൊടൊപ്പം ഗാനവും ഹിറ്റായിരിക്കുകയാണ്. യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗാനം. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ഗാനത്തിന് ഇതുവരെ 45 ലക്ഷത്തിലേറെ വ്യൂസ് ആണുള്ളത്.
പി എം എ ജബ്ബാര്‍ രചിച്ച ‘മാണിക്യ മലരായ പൂവി’ എന്ന ഈ മാപ്പിള പാട്ടിന്റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖ് ആണ്. ചിത്രത്തിനു വേണ്ടി ഷാന്‍ റഹ്മാന്‍ പുനരവതരിപ്പിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്. ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍ മ്യൂസിക്247 ആണ്.
ഒരു ദിവസം കൊണ്ട് 8.8 ലക്ഷംപേര്‍ പിന്‍തുടര്‍ന്ന അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്.