ന്യൂഡല്‍ഹി: രാജ്യത്ത് ഇത്ര വലിയൊരു സാമ്പത്തിക തട്ടിപ്പ് നടന്നിട്ട് സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഇതുവരെ ഒരു വാക്കുപോലും ഉരിയാടിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉന്നതരുടെ സംരക്ഷണത്തോടുകൂടിയല്ലാതെ ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്താനാകില്ലെന്നും, തട്ടിപ്പ് എങ്ങനെ നടന്നുവെന്ന് പ്രധാനമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ബാങ്കിങ് സംവിധാനം സുരക്ഷിതമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വകീരിച്ചുവെന്നതും പ്രധാനമന്ത്രി വിശദീകരിക്കണം. പ്രധാനമന്ത്രി സ്വന്തം പ്രവര്‍ത്തികൊണ്ട് തന്നെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ത്തുവെന്നതാണ് യാഥാര്‍ഥ്യം. സമ്പദ് വ്യവസ്ഥയെ അദ്ദേഹം അസാധുവാക്കി. ജനങ്ങളുടെ കീശയില്‍ നിന്ന് പണമെടുത്ത് ബാങ്കിങ് മേഖലയില്‍ നിക്ഷേപിച്ചു.
എന്നിട്ട് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ കോടീശ്വരന്‍മാര്‍ അവ ബാങ്കുകളില്‍ നിന്ന് മോഷ്ടിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി ഒന്നും പറയുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കൂടാതെ തട്ടിപ്പ് കണ്ടെത്താന്‍ സാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയും ആവശ്യപ്പെട്ടു.