തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ശരിദൂരമായിരിക്കും ഔദ്യോഗിക നിലപാടെന്ന് എൻ.എസ്.എസ്. വിശ്വാസികൾക്കൊപ്പമാണ് എൻ.എസ്.എസ് നിലകൊള്ളുക. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാറും ഒന്നും ചെയ്തില്ലെന്ന് എൻ.എസ്.എസ് കുറ്റപ്പെടുത്തി.ചങ്ങനാശേരിയിൽ വിജയദശമി നായർ മഹാസമ്മേളനത്തിൽ സംസാരിക്കവെയാണു എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സർക്കാരിനെ കടന്നാക്രമിച്ചത്.
എൽഡിഎഫ് സർക്കാർ കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് . നവോത്ഥാനമെന്ന പേരിൽ ജാതീയ വേർതിരിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ സവർണ-അവർണ വേർതിരിവുണ്ടാക്കുകയാണ് സംസ്ഥാന സർക്കാറെന്നും സുകുമാരൻ നായർ പറഞ്ഞു. സവർണ-അവർണ വേർതിരിവ് ഇപ്പോഴില്ല. മുന്നാക്ക-പിന്നാക്ക വിഭാഗീയത വളർത്തുകയും ജാതീയമായി ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് സർക്കാർ കൈക്കൊള്ളുന്നത്. കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് ഈ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവർ ചെയ്യുന്നതെന്നും സുകുമാരൻ നായർ കുറ്റപ്പെടുത്തി.
മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുമ്പ് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഇപ്പോൾ കിട്ടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നു തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന്, അവർ ചോദിക്കുന്നതെല്ലാം കൊടുത്ത്, അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരൻ നായർ പരിഹസിച്ചു. ഇയൊരു സാഹചര്യത്തിൽ സമദൂരത്ത് നിന്ന് മാറി ശരി ദൂരം സ്വീകരിക്കുകയാണെന്നും എൻ.എസ്.എസ് വ്യക്തമാക്കി.