ന്യൂഡല്‍ഹി : റിലയന്‍സ് അടക്കമുള്ള സ്വകാര്യ മേഖലയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടക്കമുള്ളടെലിക്കോം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ബി.എസ്.എന്‍.എല്‍ -എം.ടി.എന്‍.എല്‍ പുനരുദ്ധാരണത്തിനായി 74000 കോടിയുടെ വമ്പന്‍ പദ്ധതിക്കായി ടെലികോം മന്ത്രാലയം നല്‍കിയ ശുപാര്‍ശ തള്ളിക്കൊണ്ടാണ് അടച്ചു പൂട്ടല്‍ നീക്കത്തിനുള്ള ധനകാര്യ മന്ത്രാലയ നടപടി. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുകയോ അത് അടച്ചു പൂട്ടുകയോ ചെയ്യണമെന്ന ധനകാര്യ മന്ത്രാലയ നിലപാടാണ് ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതെന്നു ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാനായി കട ബാധ്യത തീര്‍ക്കുന്നതടക്കം 95000 കോടി രൂപയാണ് വേണ്ടി വരിക. ചിലരെ മാത്രം പുനര്‍വിന്യാസം ചെയ്യാന്‍ അനുവദിച്ച് ബാക്കിയുള്ളവര്‍ക്ക് വി.ആര്‍.എസ് നല്‍കാനാണ് നീക്കം. 1.65 ലക്ഷം ജീവനക്കാരാണ് ബി.എസ്.എന്‍.എല്ലിനു മാത്രമായുള്ളത്. ഇതില്‍ ഇന്ത്യന്‍ ടെലി കമ്മ്യൂണിക്കേഷന്‍ സര്‍വീസില്‍ നിന്നു വന്നവരെ പുനര്‍ വിന്യസിക്കും. ഇതര സ്ഥാപനങ്ങളില്‍ നിന്നും എത്തിയ ജീവനക്കാരെയും സീനിയര്‍ സ്ടാഫിനെയും മാത്രമാണ് നേരിട്ടുള്ള വി.ആര്‍.എസ് പാക്കേജില്‍ പരിഗണിക്കുക. ജീവനക്കാരുടെ എണ്ണത്തില്‍ പത്തു ശതമാനം വരുന്ന നേരിട്ട് നിയമനം ലഭിച്ച ജൂനിയര്‍ സ്റ്റാഫുകള്‍ , ടെക്നീഷ്യന്മാര്‍ , കരാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് വി.ആര്‍.എസ് പാക്കേജില്‍ ഇടം ഉണ്ടാകുമോ എന്ന് തന്നെ തീര്‍ച്ചയില്ല.
നിലവിലെ ഇന്ത്യന്‍ ടെലിക്കോം മേഖലയുടെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇരു സ്ഥാപനങ്ങളുടെയും ഓഹരി വില്‍പ്പന സാധ്യമല്ല എന്നാണു ധനകാര്യ മന്ത്രാലയ നിലപാട്.റിട്ടയര്‍മെന്റ് പ്രായം 58 ആക്കി കുറച്ചും വി.ആര്‍.എസ് നടപ്പാക്കിയും 77 ശതമാനം ശമ്പള നിരക്ക് കുറച്ചു കൊണ്ടുവന്നു ബി.എസ്.എന്‍.എല്‍ -എം.ടി.എന്‍.എല്‍ പുനരുദ്ധാരണം നടപ്പാക്കണം എന്നായിരുന്നു ടെലിക്കോം മന്ത്രാലയ ശുപാര്‍ശ. നേരത്തെയും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് കേന്ദ്ര ധനകാര്യമന്ത്രാലയം തള്ളിയിയിരുന്നു. അമിത്ഷായുടെ നേതൃത്വത്തിൽ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ പാക്കേജാണ് പണം അനുവദിക്കാൻ ആവില്ലെന്ന നിലപാടിൽ ധനവകുപ്പ് തള്ളിയത്. പുതിയ പാക്കേജ് തയ്യാറാക്കി സമർപ്പിക്കാനുള്ള നിര്‍ദേശം നിലനില്‍ക്കെയാണ് അടച്ചു പൂട്ടാനുള്ള തീരുമാനം ധനകാര്യ മന്ത്രാലയം എടുത്തത്.
പാക്കേജിന് അന്തിമരൂപം നൽകിയവരിൽ ധനമന്ത്രി നിർമലാ സീതാരാമനും ഉണ്ടായിരുന്നു. എന്നിട്ടും പാക്കേജ് ധനമന്ത്രാലയത്തിൽ വന്നപ്പോൾ തിരസ്‌കരിക്കപ്പെട്ടു. സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കുന്നതിനായിരുന്നു പാക്കേജിൽ ഊന്നൽ നൽകിയിരുന്നത്. കമ്പനിയിൽ ജീവനക്കാർ കൂടുതലാണെന്ന വിലയിരുത്തലിലാണിത്. എന്നാൽ ഇതിന് പണംനൽകാനാവില്ലെന്ന കർക്കശ നിലപാടായിരുന്നു ധനവകുപ്പിന്റേത്.ബി.എസ്.എൻ.എല്ലിന് 4 ജി അനുവദിക്കുന്നതിന് സർക്കാർ പണം അനുവദിക്കാം എന്നതായിരുന്നു മറ്റൊരു നിർദേശം. എന്നാൽ അതിനുള്ള പണം ബി.എസ്.എൻ.എൽ. കണ്ടെത്തണമെന്ന നിർദേശമാണ് ഉണ്ടായത്.കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന നൃപേന്ദ്രമിശ്രയുടെ നേതൃത്വത്തിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പാക്കേജ് സമർപ്പിക്കാനുള്ള നടപടി പൂർത്തിയാക്കി ധനമന്ത്രാലയത്തിന് വിട്ടപ്പോഴാണിത്. നൃപേന്ദ്രമിശ്ര സർക്കാർ സർവീസിൽനിന്ന് രാജിവെക്കുകയുംചെയ്തു.