by രാഷ്ട്രീയകാര്യ ലേഖകന്‍
കണ്ണൂര്‍ : എല്ലാം നേരത്തെ നിശ്ചയിച്ചു ഉറച്ചാണ് യു.ഡി.എഫ് എത്തിയത്. സമാധാന യോഗം വിളിക്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ കണ്ണൂരിന്റെ മണ്ണില്‍ നിന്നു കൊണ്ടുതന്നെ അതിനെ സ്വാഗതം ചെയ്യുകയും പങ്കെടുക്കും എന്ന് ഉറപ്പിച്ച് പറയുകയും ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നാണം കെടുത്താതെ യോഗത്തില്‍ പങ്കെടുത്തു. ഉമ്മന്‍ചാണ്ടിയും കെ.സുധാകരനും അടക്കമുള്ള നേതാക്കളും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും പറഞ്ഞതുപോലെ യോഗത്തില്‍ തീരുമാനം ഉണ്ടാകുന്നതിനു മുന്‍പ് ഇറങ്ങി പോരുകയും ചെയ്തു. അതിനൊരു കാരണം വേണമായിരുന്നു യു.ഡി.എഫിന് , അതാണ് കെ.കെ രാകേഷ് എം.പിയുടെ വേദിയിലെ സീറ്റിലൂടെ അവര്‍ കണ്ടെത്തിയത്.
സമാധാന യോഗം ചേരുന്നതിനു മുന്‍പ് തന്നെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്ക്കരണ സൂചന നല്‍കിയിരുന്നു. തൃശൂരില്‍ നടക്കാന്‍ പോകുന്ന സിപിഎം സംസ്ഥാന സമ്മേളനം കഴിയുന്നത് വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുക, അതുവഴി സംസ്ഥാന സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിക്കും നേരെ വിമര്‍ശനം ഉയരാനുള്ള സാഹചര്യം ഉണ്ടാക്കുക- ഇതാണ് ഞങ്ങളുടെ തീരുമാനം എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജില്ലയിലെ ഉമ്മന്‍ചാണ്ടിയുടെ വലംകൈയ്യുമായ നേതാവ് പരസ്യമായി തന്നെ പറഞ്ഞതാണ് ഇത്. വേദിയില്‍ കെ.കെ.രാകേഷ് എം.പി ഇരുന്നുവെന്നതും എം.എല്‍.എ മാരെ ക്ഷണിച്ചില്ല എന്നതും വിവാദമാക്കി ഇതിനുള്ള അവസരമാണ് സമാധാന യോഗത്തിലൂടെ യു.ഡി.എഫ് ഉണ്ടാക്കിയത്.
സത്യത്തില്‍ സമാധാന യോഗത്തില്‍ പങ്കെടുക്കണം എന്ന് തന്നെയില്ലായിരുന്നു യു.ഡി.എഫിന്. ഉമ്മന്‍ചാണ്ടിയും ശുഹൈബ് വധം ഇന്ധനമാക്കി രാഷ്ട്രീയ പുനപ്രവേശം തേടുന്ന കെ.സുധാകരനും ഇക്കാര്യത്തില്‍ ഒരേ മനസായിരുന്നു. സമാധാനയോഗത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന അഭിപ്രായം മുസ്ലിം ലീഗിനും ഉണ്ടായിരുന്നു. ഇത് കെ.പി.എ മജീദ് തുറന്നു പറയുകയും ചെയ്തതാണ്. യൂത്ത് ലീഗ് ജില്ല ഘടകവും ഇതേ അഭിപ്രായം പറഞ്ഞു, അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയും ഇതേ കാര്യം പങ്കുവെച്ചു. കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും ലീഗ് പാളയത്തില്‍ നിന്നും ( യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷനെ ) അണികളെയും നേതാക്കളെയും ചെങ്കൊടി പിടിപ്പിച്ച സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വീണ്ടും ഒരു ടേം കൂടി പാര്‍ട്ടി ജില്ലാ അധ്യക്ഷ സ്ഥാനത്ത് വന്നപ്പോള്‍ മുതല്‍ യു.ഡി.എഫിലെ പ്രമുഖ കക്ഷികള്‍ മനസ്സില്‍ വെച്ചിരുന്നതാണ് രാഷ്ട്രീയ കൊലപാതകം ഉണ്ടായാല്‍ ജയരാജനെ സമ്മര്‍ദ്ദത്തില്‍ ആക്കുക എന്നത്. ഉദുമ തിരഞ്ഞെടുപ്പ് പരാജയത്തോടെ മുഖ്യധാരയില്‍ നിന്നും പുറംതള്ളപെട്ട കെ.സുധാകരന്‍ ശുഹൈബ് വധം ഇതിനുള്ള അവസരമായി കണ്ടുവെന്ന് വ്യക്തം.
സമാധാന യോഗം പ്രഖ്യാപിച്ചപ്പോള്‍ തന്നെ തങ്ങള്‍ പങ്കെടുക്കും എന്ന് ചെന്നിത്തല പറഞ്ഞതാണ്. സമാധാനയോഗത്തില്‍ നിന്നും വിട്ടു നിന്നാല്‍ പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ലംഘിച്ചുവെന്ന് വരും. യഥാര്‍ത്ഥത്തില്‍ വിട്ടുനില്‍ക്കാന്‍ ഒരു കാരണം തേടുക ആയിരുന്നു കോണ്‍ഗ്രസും ലീഗും. കഴിഞ്ഞ രണ്ടു ദിവസമായി സമാധാന യോഗം ഒരു പ്രഹസനം ആണെന്ന് നേതാക്കള്‍ നിരന്തരം പറഞ്ഞിരുന്നതും മന്ത്രി ബാലനല്ല, മുഖ്യമന്ത്രി തന്നെയാണ് സമാധാന യോഗം നയിക്കേണ്ടത് എന്ന് വാദിച്ചിരുന്നതും ഈ സാഹചര്യത്തില്‍ ആണ്. മുഖ്യന്‍ പങ്കെടുത്തില്ലാ എന്ന കാരണത്താല്‍ യോഗം ബഹിഷ്ക്കരിച്ചാല്‍ സമാധാനത്തിന്റെ വക്താക്കള്‍ എന്ന നാട്യം ഇല്ലാതാകുമെന്നും എതിര്‍ പ്രചാരണങ്ങള്‍ ഉണ്ടാകുമെന്നും യുഡിഎഫിന് അറിയാം.
യോഗവേദിയില്‍ നിന്നും മാറി സദസിലേക്ക് രാകേഷ് ഇരുന്നിട്ടും തര്‍ക്കം തുടര്‍ന്നത് ഈ ഒരു മുന്‍തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. രാകേഷ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി സ്വയം മാറിയപ്പോള്‍ ജയരാജന്‍ യോഗം നിയന്ത്രിക്കുന്നത് ആയി കുറ്റം. ജയരാജനൊപ്പം യോഗത്തില്‍ പങ്കെടുക്കില്ല എന്ന് യോഗശേഷം യു.ഡി.എഫ് പറയുമ്പോള്‍ സമാധാന യോഗത്തില്‍ ഉടനൊന്നും അവരെ പ്രതീക്ഷിക്കേണ്ട എന്ന് സാരം. ജില്ലാ സെക്രട്ടറി ഇല്ലാതെ ഒരു സമാധാന യോഗത്തിന് സി.പി.എം നില്‍ക്കുമോ ? ഇല്ല. സംസ്ഥാന സമ്മേളനം കഴിയുന്നത് വരെ മുഖ്യമന്ത്രി നയിക്കുന്ന സമാധാന യോഗം ഉണ്ടാകുകയും ഇല്ല. ഫലത്തില്‍, ശുഹൈബ് വധത്തിന്റെ അലയൊലി സിപിഎം സമ്മേളനം കഴിയുന്നത് വരെ പറ്റിയാല്‍ ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ യു.ഡി.എഫ് നീട്ടിയെടുക്കും. സമാധാന യോഗം നടക്കുമ്പോള്‍ ഗത്യന്തരമില്ലാതെ യുഡിഎഫ് അത്രടം വരെ വന്നു, ഒരു കാരണം ഉണ്ടാക്കി ഇറങ്ങിപോയി…അത്ര തന്നെ ..