തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ തീരദേശ മേഖലകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തില്‍ എത്തിയത്. ദുരന്തബാധിതര്‍ക്കായി തന്നാലാകുന്നതെല്ലാം ചെയ്യുമെന്നും, ഇത്തരം ദുരന്തങ്ങളില്‍നിന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തില്‍ മത്സ്യബന്ധനത്തിന് മാത്രമായി സ്വതന്ത്ര വകുപ്പ് ഉണ്ടായെങ്കില്‍ മാത്രമേ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം സാധ്യമാകൂ എന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. നിലവില്‍ കൃഷിവകുപ്പിന് കീഴിലാണ് മത്സ്യബന്ധനം ഉള്‍പ്പെടുന്നത്. ദുരന്തമുഖം സന്ദര്‍ശിക്കാനോ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനോ വകുപ്പുമന്ത്രി തയാറായില്ലെന്ന് ചൂണ്ടികാട്ടിയാണ് രാഹുല്‍ ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെ ഡല്‍ഹിയില്‍നിന്നു തിരുവനന്തപുരത്തെത്തിയ രാഹുല്‍ വിമാനത്താവളത്തില്‍ നിന്നു നേരെ പൂന്തുറയിലേക്കാണ് പോയത്. കേരളത്തിലെത്താന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച രാഹുല്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുന്‍പില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച രാഹുല്‍ തന്നാല്‍ കഴിയും വിധം തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നല്‍കിയ ശേഷം കന്യാകുമാരി ജില്ലയിലെ ചിന്നത്തുറയിലേക്കു പോയി.
രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപന സമ്മേളനത്തിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്. തമിഴ്‌നാട്ടില്‍നിന്നും മടങ്ങിയെത്തുന്ന രാഹുല്‍ തൈക്കാട് പൊലീസ് ട്രെയിനിങ് കോളജ് മൈതാനത്ത് ആര്‍എസ്പി നേതാവ് ബേബിജോണിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. 5.30നു സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടയൊരുക്കം സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായും പങ്കെടുക്കും.